ബാലസോർ ട്രെയിൻ ദുരന്തം: പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി
text_fieldsഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച വൻ ദുരന്തമുണ്ടായ ബാലസോറിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വൈകീട്ടോടെയാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിച്ചത്. എയർഫോഴ്സ് വിമാനത്തിൽ ബാലസോർ ജില്ലയിലെ ഭാഹങ്ക ബസാറിലെത്തിയ മോദി പിന്നീട് അകടം നടന്ന സ്ഥലത്തേക്ക് വരികയായിരുന്നു. ഇതിന് ശേഷം പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും മോദി സന്ദർശിക്കും. ബാലസോറിലെ ട്രെയിൻ അപകടം വിലയിരുത്താനായി ഉന്നതതല യോഗം ചേർന്നതിന് ശേഷമായിരുന്നു അദ്ദേഹം സംഭവസ്ഥലം സന്ദർശിക്കാനായി യാത്ര തിരിച്ചത്.
ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 261 പേർ മരണപ്പെട്ട സംഭവത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. 900ത്തിലേറെ പേർ അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം നടന്നത്. ഷാലിമാർ -ചെന്നൈ കോറൊമണ്ഡൽ എക്സ്പ്രസിന്റെ 10 -12 കോച്ചുകൾ പാളം തെറ്റി മറിയുകയായിരുന്നു ആദ്യം.
തൊട്ടു പിറകെ വന്ന ബംഗളൂരു -ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ ബോഗികൾക്ക് മുകളിലൂടെ കയറി. അതിന്റെ മൂന്ന്-നാല് കോച്ചുകൾ പാളം തെറ്റി വീണു. അതിനു തൊട്ടടുത്ത പാളത്തിലൂടെ വന്ന ചരക്കു ട്രെയിൻ ഈ ബോഗികളിൽ ഇടിക്കുകയുമായിരുന്നു. ഇതാണ് വൻ ദുരന്തത്തിന് ഇടവെച്ചത്.
രാത്രി നടന്ന സംഭവത്തിൽ രക്ഷാ പ്രവർത്തനം ബുദ്ധിമുട്ടേറി. ആയിരക്കണക്കിന് ആളുകൾ അപകടതിൽ പെട്ടതോടെ ആംബുലൻസുകളും രക്ഷാപ്രവർത്തകരും അക്ഷീണം പ്രവർത്തിച്ചു. നാട്ടുകാരുൾപ്പെടെ എത്തിയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോയത്. സൈന്യത്തിന്റെ സഹായവും തേടി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനിറങ്ങി. സൈന്യത്തിന്റെ മെഡിക്കൽ, എഞ്ചിനീയറിങ് വകുപ്പുകൾ രക്ഷ പ്രവർത്തനത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.