ഒഡീഷ ട്രെയിൻ ദുരന്തം: ഭുവനേശ്വർ എയിംസിൽ തിരിച്ചറിയാതെ 82 മൃതദേഹങ്ങൾ
text_fieldsഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ് ഭുവനേശ്വർ എയിംസിൽ എത്തിച്ച 162 മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും തിരിച്ചറിയാതെ മോർച്ചറിയിൽ. പല മൃതദേഹങ്ങൾക്കും അവകാശികളില്ല. ചില മൃതദേഹങ്ങൾ തങ്ങളുടെ കുടുംബാംഗത്തിന്‍റേതാണെന്ന് അവകാശപ്പെട്ട് ഒന്നിലേറെ പേർ വരുന്നുണ്ട്. ഇത് ആശയക്കുഴപ്പത്തിനും ഇവരെ തിരിച്ചറിഞ്ഞ് കുടുംബങ്ങൾക്ക് വിട്ടുനൽകുന്നതിലും കാലതാമസത്തിന് ഇടയാക്കുന്നു.
മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് അവകാശികളെ കണ്ടെത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ മറ്റു സംസ്ഥാന സർക്കാറുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്.
മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തുന്ന ആളുകൾക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നുണ്ട് -ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) കമീഷ്ണർ പറഞ്ഞു.
അതേസമയം, മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ വിസമ്മതിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയമാണ് രക്ഷിതാക്കൾക്ക്. അതിനാൽ സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും ജില്ല ഭരണകൂടവും.
ബിഹാറിൽനിന്നുള്ള 19 യാത്രക്കാരെ കാണാനില്ലെന്ന് ബിഹാർ സർക്കാർ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘത്തെ ബിഹാർ സർക്കാർ ഒഡിഷയിലേക്ക് അയച്ചിട്ടുണ്ട്. ബിഹാറിൽനിന്നുള്ള 50 പേരാണ് അപകടത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.