ഒഡിഷ ട്രെയിൻ ദുരന്തം: കാരണത്തിൽ ഇപ്പോഴും പൂർണ വ്യക്തതയില്ലാതെ റെയിൽവേ
text_fieldsബാലസോർ/ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തിലേക്ക് നയിച്ച കാരണത്തിൽ ഇപ്പോഴും പൂർണ വ്യക്തതയില്ലാതെ റെയിൽവേ. സിഗ്നൽ നൽകിയതിലെ പിഴവാണ് കാരണമെന്ന് നേരത്തേ ഉദ്യോഗസ്ഥവൃത്തങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും ഇതെങ്ങനെ എന്നതിലും വിരുദ്ധാഭിപ്രായങ്ങളുണ്ട്.
ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് തെറ്റായ സിഗ്നൽ ലഭിച്ച്, പ്രധാന ലൈനിൽ നിന്ന് ലൂപ് ലൈനിൽ കയറി ചരക്കുവണ്ടിയിൽ ഇടിച്ചതാണെന്നാണ് ഒരു നിഗമനം. എന്നാൽ, ലൂപ്പിൽ കയറുന്നതിനുമുമ്പു തന്നെ പാളം തെറ്റി ബോഗികൾ ചരക്കുവണ്ടിയിൽ ഇടിച്ചതാണെന്നും അഭിപ്രായമുണ്ട്.
അതേസമയം, പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നത് മെയിൻ ലൈനിൽ തുടരാൻ സിഗ്നൽ നൽകുകയും ഉടൻ പിൻവലിക്കുകയും ചെയ്തുവെന്നും അതേതുടർന്ന് കോറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിൽ പ്രവേശിച്ച് നിർത്തിയിട്ട ചരക്കുവണ്ടിയിൽ ഇടിക്കുകയായിരുന്നുവെന്നുമാണ്. ശേഷം ഏതാനും ബോഗികൾ, തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ബംഗളൂരു-ഹൗറ എക്സ്പ്രസിൽ ഇടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാന ലൈനിലെ തിരക്ക് കുറക്കാൻ സ്റ്റേഷനുകളിൽ നിർമിച്ചിടുന്ന ട്രാക്കുകളാണ് ലൂപ് ലൈൻ. അപകടം നടക്കുമ്പോൾ കോറമാണ്ഡൽ എക്സ്പ്രസിന്റെ വേഗം മണിക്കൂറിൽ 128 കിലോമീറ്ററും ബംഗളൂരു-ഹൗറയുടേത് 116 കിലോമീറ്ററുമായിരുന്നു.
കേരളത്തിൽനിന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള ശനിയാഴ്ചയിലെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഒരു ട്രെയിൻ വഴി തിരിച്ചുവിട്ടു. ശനിയാഴ്ചയിലെ കന്യാകുമാരി-ഹൗറ വീക്ക്ലി സൂപ്പർഫാസ്റ്റ് (12666), ശനിയാഴ്ച വൈകീട്ട് 4.55ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ സൂപ്പർഫാസ്റ്റ് (22641) എന്നിവയാണ് റദ്ദാക്കിയത്. ശനിയാഴ്ചയിലെ കന്യാകുമാരി-ദിബ്രുഗർ വിവേക് സൂപ്പർഫാസ്റ്റ്(22503) ജാർസുഗുഡ വഴി തിരിച്ചുവിട്ടു. ഈ ട്രെയിൻ റദ്ദാക്കിയെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് വഴിതിരിച്ചുവിട്ട് സർവിസ് പൂർത്തിയാക്കാൻ തീരുമാനിച്ചു. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ഹൗറ-എറണാകുളം അന്ത്യോദയ ( 22877)പൂർണമായും റദ്ദാക്കി.
കന്യാകുമാരി, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്ന് ആഴ്ചവണ്ടികളാണ് പ്രധാനമായും അപകടം നടന്ന ബാലസോർ വഴി കടന്നുപോകുന്നത്. പശ്ചിമ ബംഗാളിലേക്കടക്കമുള്ള അതിഥി തൊഴിലാളികളാണ് ഈ ട്രെയിനുകൾ ആശ്രയിക്കുന്നത്. അപകടം നടന്ന റൂട്ടിൽ കേരളത്തിൽനിന്നുള്ള അധിക ട്രെയിനുകളില്ലാത്തിനാൽ കാര്യമായ ഗതാഗത നിയന്ത്രണങ്ങൾക്ക് കേരളത്തിലെ യാത്രക്കാർ വിധേയാരായിട്ടില്ല.
സർവിസുകൾ പൂർണമായും റദ്ദാക്കുന്നതിന് പകരം വഴി തിരിച്ചുവിട്ട് സർവിസ് പൂർത്തിയാക്കുന്നതിനെ കുറിച്ചാണ് റെയിൽവേ ആലോചിക്കുന്നത്. ആന്ധ്രയിൽനിന്ന് ഒഡിഷ വഴി ബംഗാളിലേക്കുള്ള ട്രെയിനുകൾ ആന്ധ്രയിൽനിന്ന് ഖരഘ്പുർ വഴി ബംഗാളിലേക്ക് തിരിച്ചുവിട്ടാണ് ക്രമീകരണം. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ഹെൽപ് ലൈൻ നമ്പറുകൾ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.