മേൽജാതിക്കാരെൻറ വീട്ടിൽനിന്ന് പെൺകുട്ടി പൂവിറുത്തു; 40 ദലിത് കുടുംബങ്ങൾക്ക് ഊരുവിലക്ക്
text_fieldsഭുവനേശ്വർ: മേൽജാതിക്കാരെൻറ വീട്ടിൽനിന്ന് 15കാരി പൂപറിച്ചുവെന്ന കാരണത്തിൽ 40 ദലിത് കുടുംബങ്ങൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തി. ഒഡീഷയിലെ ദേങ്കനാൽ ജില്ലയിലെ കാന്തിയോ കട്ടേനി വില്ലേജിലാണ് സംഭവം.
രണ്ടുമാസം മുമ്പാണ് ഗ്രാമത്തിലെ മേൽജാതിക്കാരെൻറ വീട്ടിൽനിന്ന് പെൺകുട്ടി പൂ പറിച്ചത്. സംഭവം ഗ്രാമത്തിലെ രണ്ടു സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും പെൺകുട്ടിയുടെ സമുദായത്തിലെ 40 ദലിത് കുടുംബങ്ങൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തുകയുമായിരുന്നു.
അതേസമയം, പെൺകുട്ടി പൂവിറുത്ത വിവരം അറിഞ്ഞയുടനെ കുടുംബത്തോട് ക്ഷമ ചോദിച്ചിരുന്നുവെന്നും എന്നാൽ സമുദായക്കാർ ഒത്തുചേർന്ന നിരവധി യോഗങ്ങൾക്ക് ശേഷം ഊരുവിലക്ക് ഏർപ്പെടുത്തുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് നിരജ്ഞൻ നായിക്ക് പറയുന്നു. ഊരുവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതു പരിപാടികളിൽ പെങ്കടുക്കാനോ പൊതു വഴിയിലൂടെ നടക്കാനോ ഇവർക്ക് അനുമതിയില്ല.
ഗ്രാമത്തിൽ 800 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ 40 കുടുംബം പട്ടികജാതി വിഭാഗത്തിൽപ്പെട്ട നായിക്ക് സമുദായക്കാരാണ്. ഊരുവിലക്ക് ഏർപ്പെടുത്തിയതിനെതിരെ 40 കുടുംബങ്ങളും ജില്ല ഭരണകൂടത്തിനും പൊലീസിനും നിവേദനം നൽകി.
ഊരുവിലക്ക് ഏർപ്പെടുത്തിയേതാടെ അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും അഞ്ചു കിലോമീറ്റർ ദൂരം പോകണം. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങൾക്ക് തൊഴിൽ നൽകാതെയായി. ഗ്രാമത്തിലെ കല്യാണ -മരണാനന്തര ചടങ്ങുകളിൽ പെങ്കടുക്കുന്നതിനും പൊതുവഴി ഉപയോഗിക്കുന്നതിനും അനുവാദമില്ല. മറ്റു സമുദായക്കാർ ഈ 40 കുടുംബങ്ങളോട് സംസാരിക്കുന്നതിനുപോലും വിലക്കേർപ്പെടുത്തുകയും ചെയ്തു.
ഗ്രാമവാസികളുടെ തീരുമാനം ഗ്രാമമുഖ്യനും അംഗീകരിക്കുകയായിരുന്നു. 40 കുടുംബങ്ങൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയത് ശരിയാണ്. അവരുടെ തെറ്റായ ചെയ്തികളാണ് ഊരുവിലക്കിന് കാരണം. മറ്റു ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് -ഗ്രാമ വികസന കമ്മിറ്റി സെക്രട്ടറി ഹർമോഹൻ മല്ലിക്ക് പറഞ്ഞു. ജില്ല ഭരണകൂടത്തിന് നിവേദനം നൽകിയ ശേഷം രണ്ടുവട്ടം സമാധാന ചർച്ചകൾ നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.