1.23 ലക്ഷം മരണത്തിൽ 4218 പേർ മാത്രമാണ് കോവിഡ് രോഗികളെന്ന്; ഗുജറാത്ത് സർക്കാറിെൻറ കള്ളക്കണക്ക് പൊളിച്ച് മാധ്യമങ്ങൾ
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ സർക്കാർ കോവിഡ് മരണനിരക്ക് കുറച്ചുകാണിക്കുന്നതായുള്ള ആക്ഷേപം ബലപ്പെടുത്തി കണക്കുകൾ. പ്രാദേശിക ദിനപത്രമായ ദിവ്യ ഭാസ്‌കർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെയുള്ള മരണങ്ങളിൽ കുറച്ചുമാത്രമാണ് സർക്കാർ രേഖകളിൽ വരുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
2021 മാർച്ച് ഒന്ന് മുതൽ മേയ് 10 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് സർക്കാർ നൽകിയത് 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകളാണ്. 2020ൽ ഇതേ കാലയളവിൽ 58,000 സർട്ടിഫിക്കറ്റുകൾ മാത്രമാണ് നൽകിയതെന്നും ദിവ്യ ഭാസ്‌കർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ മരണനിരക്ക് ഇരട്ടിയായിട്ടുണ്ടെന്നും കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്നുമാണ് ഇത് കാണിക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ ദീപക് പട്ടേൽ ആരോപിച്ചു. മാർച്ച് ഒന്നിനും മേയ് 10നും ഇടയിലുള്ള 1.23 ലക്ഷം മരണത്തിൽ 4,218 എണ്ണം മാത്രമാണ് കോവിഡ് കണക്കിൽ സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്.
അഹമ്മദാബാദ് നഗരത്തിൽ കഴിഞ്ഞ വർഷം 71 ദിവസത്തിനുള്ളിൽ 7786 മരണ സർട്ടിഫിക്കറ്റുകൾ നൽകി. എന്നാൽ, 2021ലെ ഇതേ കാലയളവിൽ 13,593 മരണ സർട്ടിഫിക്കറ്റുകൾ നൽകി. ഇതിൽ 2126 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് സർക്കാർ കണക്ക്.
വഡോദരയിൽ 2021 മാർച്ച് ഒന്ന് മുതൽ മേയ് 10 വരെ 7,722 മരണ സർട്ടിഫിക്കറ്റുകൾ നൽകി. 2020ൽ ഇത് 2,373 ആയിരുന്നു. എന്നാൽ, 2021ലെ കാലയളവിൽ 189 കോവിഡ് മരണങ്ങൾ മാത്രമാണ് സർക്കാർ രേഖപ്പെടുത്തിയത്.
രാജ്കോട്ടിൽ 71 ദിവസത്തെ കാലയളവിൽ 10,878 മരണ സർട്ടിഫിക്കറ്റുകൾ 2021ൽ നൽകി. കോവിഡ് കാരണം 288 പേർ മാത്രമാണ് മരിച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം 71 ദിവസത്തിനുള്ളിൽ 2,769 മരണ സർട്ടിഫിക്കറ്റുകളാണ് സൂറത്തിൽ നൽകിയത്. ഈ വർഷം 8,851 മരണ സർട്ടിഫിക്കറ്റുകൾ നൽകി. ഇതിൽ 1,074 പേർ കോവിഡ് കാരണം മരിച്ചുവെന്നും കണക്കുകൾ പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിടുന്ന കണക്കുകൾ ശരിയല്ലെന്ന് ദിവ്യ ഭാസ്കറിെൻറ റിപ്പോർട്ട് അടിവരയിടുന്നു. കഴിഞ്ഞ ഏപ്രിലിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷെൻറ കൈവശം 5000 കുപ്പി റെംഡെസിവീർ മരുന്ന് കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തിെൻറ ഫോൺ നമ്പർ ഒന്നാം പേജിൽ തന്നെ ഇൗ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആറ് ഡോസിൽ കൂടുതൽ ആർക്കും നൽകരുതെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഇത്രയധികം മരുന്നുകൾ കണ്ടെത്തിയത്. മരുന്ന് ആവശ്യമുള്ളവർ അദ്ദേഹത്തെ വിളിക്കാനും പത്രം ആവശ്യപ്പെട്ടു.
ഇത് കൂടാതെ കോവിഡ് രോഗികളുടെ മരണസംഖ്യയിലെ തട്ടിപ്പ് പ്രദേശിക പത്രങ്ങളുടെ ചരമപേജുകൾ വഴിയും പുറത്തുകൊണ്ടുവന്നിരുന്നു. മേയ് ആറിന് ഇറങ്ങിയ സൗരാഷ്‌ട്ര ഭാസ്ക്കറിെൻറ ഭാവ്‌നഗർ എഡിഷൻ പത്രത്തിൽ 16ൽ എട്ടുപേജും ചരമ അറിയിപ്പുകളായിരുന്നു. 238 ചരമ വാർത്തയാണ് പത്രം നൽകിയത്. ഗുജറാത്തി പത്രമായ സന്ദേശ്, ഖേഡ ജില്ലയിൽ 12 പേർ കോവിഡ് ബാധിച്ച് മരിച്ചെന്ന് റിപ്പോർട്ടു ചെയ്‌തു. സർക്കാർ കണക്കിൽ മരണം രണ്ട് മാത്രമായിരുന്നു. ഗാന്ധിനഗറിൽ 25 മരണമുണ്ടായതായി ഗുജറാത്ത് സമാചാർ റിപ്പോർട്ട് ചെയ്‌തപ്പോൾ ഒരു മരണവും ഇല്ലെന്നാണ് ഔദ്യോഗിക കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.