ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻ.സി.ബി ഉദ്യോഗസ്ഥനെ പുറത്താക്കി
text_fieldsമുംബൈ: ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സർവിസില്‍ നിന്ന് നീക്കി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച വിശ്വ വിജയ് സിങ് എന്ന ഉദ്യോഗസ്ഥനെയാണ് ദില്ലി സോണിന് കീഴിലുള്ള എൻ.സി.ബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്. എന്നാൽ ഇയാളെ പുറത്താക്കിയത് ആര്യഖാൻ കേസിന്റെ പേരിലല്ലെന്ന് എൻ.സിബി വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ സസ്പെൻഷനിലായിരുന്ന വിശ്വ വിജയ് സിങിനെ പുറത്താക്കുകയായിരുന്നു.
എൻ.സി.ബിയുടെ മുംബൈ ഓഫീസിലെ സൂപ്രണ്ടായിരുന്നു വിശ്വ വിജയ് സിങ്. ആര്യന്‍ ഖാനെതിരായ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനും വിശ്വ വിജയ് സിങ് ആയിരുന്നു. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ എൻ.സി.ബി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന് പിന്നിലെ അഴിമതി ആരോപണങ്ങള്‍ അടക്കമുള്ളവ അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സസ്പെന്‍ഷനില്‍ തന്നെ തുടരുകയായിരുന്ന വിശ്വ വിജയ് സിങിനെതിരെ 2019 മുതല്‍ മറ്റൊരു അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇതിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഇയാളെ സർവിസില്‍ നിന്ന് നീക്കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിംഗപ്പൂരിലേക്ക് പോയ മറ്റൊരു ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായ വിശ്വനാഥ് തിവാരിയെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എൻ.സി.ബിയുടെ വിജിലന്‍സ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളും ചില സ്ഥാപിത താല്പര്യങ്ങളും കണ്ടെത്തിയിരുന്നു. ചില ഉദ്യോഗസ്ഥരുടെ സ്വത്തില്‍ പെട്ടന്ന് വര്‍ധനവുണ്ടായെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ലഹരിമരുന്ന് കേസിൽ പ്രതി ചേര്‍ക്കപ്പെട്ട ആര്യൻ ഖാനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് പിടികൂടുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളോട് ഉദ്യോഗസ്ഥര്‍ പ്രത്യേക സമീപനം സ്വീകരിച്ചെന്നും എൻ.സി.ബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് കോർഡീലിയ എന്ന ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻ.സി.ബി പിടികൂടിയതും ലഹരി മരുന്ന് കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.