സൽമാൻ ഖാനെ വിമാനത്താവളത്തിൽ തടഞ്ഞ ഓഫിസർക്ക് പാരിതോഷികം നൽകിയതായി സി.ഐ.എസ്.എഫ്
text_fieldsമുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ ഓഫിസർക്ക് അർഹമായ പാരിതോഷികം നൽകി അനുമോദിച്ചതായി സി.ഐ.എസ്.എഫ്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്താതിരുന്ന ഉദ്യോഗസ്ഥന്‍റെ നടപടി അങ്ങേയറ്റം പ്രഫഷണലിസമാണെന്ന് വ്യക്തമാക്കിയ സി.ഐ.എസ്.എഫ് അധികൃതർ, ഉദ്യോഗസ്ഥനെ ശിക്ഷിച്ചതായ വാർത്തകൾ സത്യമല്ലെന്നും ട്വീറ്റിൽ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ടൈഗർ 3 എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി സൽമാൻ ഖാനും നടി കത്രീന കൈഫും റഷ്യയിലേക്കുള്ള യാത്രക്കായി മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു.
പരിശോധനക്ക് വിധേയനാകാതെ ടെര്‍മിനലില്‍ പ്രവേശിക്കാനായി താരം ഒരുങ്ങിയപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ എത്തി തടയുകയും സെക്യൂരിറ്റി ചെക്ക് പോയിന്‍റില്‍ ക്ലിയറന്‍സ് എടുക്കാൻ നിർദേശിക്കുകയുമായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു. മുഖം നേക്കാതെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ സമൂഹമാധ്യമങ്ങളിൽ ഏറെ പേർ അഭിനന്ദിച്ചിരുന്നു.
എന്നാൽ, സൽമാനെ തടഞ്ഞ ഉദ്യോഗസ്ഥനെതിരെ സി.ഐ.എസ്.എഫ് നടപടിയെടുത്തതായി വാർത്തകളുണ്ടായിരുന്നു. ഇക്കാര്യം സി.ഐ.എസ്.എഫിനെ ടാഗ് ചെയ്ത് പലരും ട്വീറ്റ് ചെയ്തു. ഇതോടെയാണ്, സി.ഐ.എസ്.എഫ് ജവാനെതിരെ നടപടിയെടുക്കുകയല്ല അഭിനന്ദിക്കുകയാണ് ചെയ്തതെന്ന കാര്യം വ്യക്തമാക്കി സി.ഐ.എസ്.എഫ് ട്വീറ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.