എണ്ണവില നേർപകുതിയായി; പെട്രോൾ, ഡീസൽ, ഗ്യാസ് വില കുറക്കാതെ കമ്പനികൾ
text_fieldsന്യൂഡൽഹി: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് വീപ്പക്ക് 139 ഡോളറിലേക്ക് കുതിച്ചുകയറിയ അസംസ്കൃത എണ്ണവില നേർപകുതിയോളം താഴ്ന്നിട്ടും പെട്രോൾ, ഡീസൽ, ഗാർഹിക പാചക വാതകം എന്നിവയുടെ വില കുറക്കാതെ എണ്ണക്കമ്പനികൾ. കൊള്ളലാഭം പങ്കിടുന്ന സർക്കാർ മൗനത്തിൽ.
ഹോട്ടലുകളിലും മറ്റും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന് വ്യാഴാഴ്ച വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 83.50 രൂപയാണ് കുറച്ചത്. വിമാന ഇന്ധനത്തിന് ഏഴു ശതമാനവും കുറച്ചു. എന്നാൽ പെട്രോൾ, ഡീസൽ, ഗാർഹിക സിലിണ്ടർ എന്നിവയുടെ കാര്യത്തിൽ കനിവില്ല. വാണിജ്യ പാചകവാതകത്തിന് മൂന്നുമാസമായി വില കുറക്കുന്നുണ്ട്. ഏപ്രിൽ ഒന്നിന് 91.50 രൂപ കുറച്ചു. മേയ് ഒന്നിന് 171.50 രൂപയാണ് കുറച്ചത്. മൂന്നു മാസം കൊണ്ട് ഫലത്തിൽ 350.50 രൂപയുടെ കുറവുവരുത്തി.
ഇതോടെ വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ വില 1,773 രൂപയായി. എന്നാൽ വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില 1,103 രൂപയായി തുടരുന്നു. മാർച്ച് ഒന്നിന് 50 രൂപ മാത്രമാണ് കുറച്ചത്.
കഴിഞ്ഞ നാലുമാസമായി വിമാന ഇന്ധന (എ.ടി.എഫ്) വില കുത്തനെ കുറയുന്നതും വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്നതുമാണ് കാഴ്ച. വ്യാഴാഴ്ച എ.ടി.എഫ് വില ഏഴു ശതമാനം കണ്ട് കുറച്ചപ്പോൾ ഡൽഹിയിൽ 6,632.25 രൂപയുടെ മാറ്റമാണ് ഉണ്ടായത്. കിലോ ലിറ്ററിന് പുതിയ വില 89,303.09 രൂപ. തുടർച്ചയായി നാലാം മാസമാണ് കുറച്ചത്. മാർച്ച് ഒന്നിന് നാലും ഏപ്രിൽ ഒന്നിന് 8.7ഉം മേയ് ഒന്നിന് 2.45ഉം ശതമാനം കുറച്ചിരുന്നു. നാലു മാസം കൊണ്ട് ഒരു കിലോലിറ്ററിന്മേൽ കുറച്ചത് 23,051.68 രൂപ.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കഴിഞ്ഞവർഷം മാർച്ചിൽ വീപ്പക്ക് 139 ഡോളറിൽ എത്തിയ അസംസ്കൃത എണ്ണ വില ഇപ്പോൾ നേർ പകുതിയോള (73 ഡോളർ)മായിട്ടുണ്ട്. എന്നാൽ 14 മാസമായി പെട്രോൾ, ഡീസൽ വിലകളിൽ ഒരു മാറ്റവുമില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപ; ഡീസലിന് 89.62 രൂപ. 2022 ഏപ്രിൽ ആറിനു ശേഷം വില കുറച്ചിട്ടില്ല. കഴിഞ്ഞ വർഷം മേയ് 22ന് സർക്കാർ എക്സൈസ് ഡ്യൂട്ടി ഇളവു ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.