ഒാഖി പാക്കേജ്: കേരള എം.പിമാർ ധർണ നടത്തി
text_fieldsന്യൂഡൽഹി: ഓഖി കൊടുങ്കാറ്റ് ദുരന്തം വിതച്ച കേരളത്തിലെ തീരദേശത്തിെൻറ സമഗ്ര വികസനത്തിന് ഉതകുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എം.പിമാർ പാർലമെൻറിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ നടത്തി.
ജീവൻ നഷ്ടമായവർക്കും മത്സ്യ ബന്ധനോപകരണങ്ങളും കിടപ്പാടവും നഷ്ടമായവർക്കും നഷ്ടപരിഹാരമുൾപ്പെടെ പ്രഖ്യാപിക്കണമെന്ന് ഇടത്-വലതു എം.പിമാർ ആവശ്യപെട്ടു.
എം.പിമാരായ കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, പ്രഫ. കെ.വി. തോമസ്, ഇ.ടി. മുഹമ്മദ് ബഷീർ, ആേൻറാ ആൻറണി, പി.കെ. ശ്രീമതി, ഡോ. സമ്പത്ത്, കെ.കെ. രാഗേഷ് തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു. സി.പി.െഎ എം.പി ഡി. രാജയും ഇവർക്കൊപ്പം ചേർന്നു.
വിഷയത്തിൽ, കാലാവസ്ഥ വ്യതിയാനങ്ങൾ മുൻകൂട്ടി അറിയിക്കാൻ കാലാവസ്ഥ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, കേന്ദ്രത്തിൽ ഫിഷറീസിന് മാത്രമായി സ്വതന്ത്ര മന്ത്രാലയം രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കോൺഗ്രസ് പാർട്ടി ലോക്സഭ ഡെപ്യൂട്ടി വിപ്പ് കെ.സി. വേണുഗോപാലും എ. സമ്പത്തും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് എം.പിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് 12 മണി വരെ സഭ നിർത്തിവെച്ചു. വീണ്ടും സമ്മേളിച്ച ലോക്സഭയിൽ എം.പിമാർ പ്രതിഷേധം തുടർന്നതോടെ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. ദുരന്തം നടന്നിട്ടു 18 ദിവസം പിന്നിട്ടിട്ടും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനോ, കേന്ദ്രസംഘത്തെ അയക്കാനോ തയാറാകാത്തതോടൊപ്പം പാർലമെൻറിൽ ഈ വിഷയം സംബന്ധിച്ച് ചർച്ചചെയ്യാൻ അനുമതി നൽകാൻ പോലും തയാറാകാത്ത കേന്ദ്രസർക്കാർ സമീപനം ക്രൂരമാണെന്ന് എം.പിമാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.