‘786’ നമ്പരുള്ള പഴയ കറൻസി നോട്ടുണ്ടോ? ലക്ഷങ്ങൾ നേടാൻ അവസരം
text_fieldsപല വസ്തുക്കൾക്കും പഴക്കമേറുമ്പോൾ അതിന്‍റെ മൂല്യം പലമടങ്ങ് വർധിക്കാറുണ്ട്. പെയിന്‍റിങ്ങുകൾ മുതൽ വിന്‍റേജ് കാറുകൾ വരെ മോഹവില നൽകി വാങ്ങാൻ ആളുകളുണ്ട്. ഇപ്പോഴിതാ പഴയ കറൻസി നോട്ടുകൾക്കാണ് ഇത്തരത്തിൽ ഡിമാൻഡേറിയിരിക്കുന്നത്. അതും ലക്ഷങ്ങൾ നൽകി വാങ്ങാൻ ആളുണ്ടെന്നു കേട്ടാൽ അൽപം അമ്പരപ്പ് തോന്നാമെങ്കിലും സംഗതി ഉള്ളതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
786 എന്ന നമ്പരുള്ള നാണയങ്ങളോ നോട്ടുകളോ കൈവശമുള്ളവർക്കാണ് ഇത്തവണ ലക്ഷങ്ങൾ നേടാനവസരം. ഓൺലൈൻ ലേലത്തിലൂടെ മൂന്നുമുതൽ നാലുലക്ഷം രൂപ വരെ ഇത്തരം നോട്ടുകൾക്കും നാണയങ്ങൾക്കും ലഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലുള്ളത്. വിശ്വാസ പ്രകാരം ശുഭസൂചകമായ നമ്പരായാണ് 786 കണക്കാക്കുന്നത്. ഇസ്‌ലാം മതവിശ്വാസ പ്രകാരം ഖുർആന്റെ ആരംഭ വചനമായ ബിസ്മില്ലാഹിർറഹ്മാനിർ റഹീം എന്നതിനെയും ഹിന്ദുമത വിശ്വാസ പ്രകാരം ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെയും പ്രതിനിധീകരിക്കുന്ന നമ്പരാണിത്.
1, 5, 10, 20, 50, 100, 2000 രൂപ നോട്ടുകൾക്കാണ് ഇപ്പോൾ വൻ ഡിമാൻഡുള്ളത്. ഒ.എൽ.എക്സ്, ക്വിക്കർ, ഇ-ബേ തുടങ്ങിയ വെബ്സൈറ്റുകൾ വഴിയാണ് ആവശ്യക്കാർ ഈ കറൻസികൾ വാങ്ങുന്നത്. നോട്ടുകൾ കൈവശമുള്ളവർക്ക് ഓൺലൈൻ സെല്ലിങ് പ്ലാറ്റ്ഫോമുകളിൽ സെല്ലറായി രജിസ്റ്റർ ചെയ്ത ശേഷം നാണയത്തിന്‍റെയോ നോട്ടിന്‍റെയോ ചിത്രം അപ്‌ലോഡ് ചെയ്യാം. ആവശ്യക്കാർ വെബ്സൈറ്റ് വഴിതന്നെ വിൽപനക്കാരുമായി ബന്ധപ്പെടും. എന്നാൽ, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പും റിപ്പോർട്ടുകളിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.