പഴയ നോട്ടുകൾ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം
text_fieldsന്യൂഡൽഹി: അസാധുവാക്കിയ 500,1000 രൂപ നോട്ടുകൾ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബര്‍ 30 വരെ 5000 രൂപയിൽ കൂടുതലുള്ള പഴയ നോട്ടുകള്‍ ഒരു തവണ മാത്രമേ നിക്ഷേപിക്കാനാവൂ. ബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതോടെയാണ് നിക്ഷേപത്തിലും ധനകാര്യ മന്ത്രാലയം നിയന്ത്രണം കൊണ്ടുവന്നത്.
5000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർ എന്തുകൊണ്ടാണ് ഇതുവരെ പണം നിക്ഷേപിക്കാതിരുന്നതെന്ന് ബാങ്ക് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ടിവരും. വിശദീകരം തൃപ്തികരമാണെങ്കിൽ മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. സംശയമുണ്ടെങ്കിൽ ബാങ്ക് ജീവനക്കാർക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സ്വകാര്യ–പൊതുമേഖല–സഹകരണ ബാങ്കുകൾക്ക് ഈ ഉത്തരവ് ബാധകമായിരിക്കും. കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള അക്കൗണ്ടുകളിൽ മാത്രമേ ഇനി പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സാധിക്കൂ.
അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് പുതിയതായി നിയന്ത്രണംകൊണ്ടുവന്നത്. നിലവിൽ പഴയനോട്ടുകളുടെ വലിയ തുകകൾ നിക്ഷേപമായി ബാങ്ക് അക്കൗണ്ടിൽ ഇടാമായിരുന്നു.
അതേസമയം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.