ബംഗളൂരുവിൽ ഒമ്പതു കോടിയുടെ അസാധുനോട്ടുമായി 14 പേർ പിടിയിൽ
text_fieldsബംഗളൂരു: കമീഷൻ വ്യവസ്ഥയിൽ അസാധുനോട്ടുകൾ മാറ്റി പുതിയ നോട്ടുകൾ നൽകുന്ന റാക്കറ്റിലെ 14 പേരെ സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) പൊലീസ് അറസ്റ്റ് ചെയ്തു. മുൻ കോൺഗ്രസ് നിയമസഭാ കൗൺസിൽ ചെയർമാൻ വീരണ്ണ മത്തികട്ടിയുടെ മരുമകൻ പ്രവീൺ കുമാർ ഉൾപ്പെട്ട സംഘത്തെ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്. 9.10 കോടിയുടെ അസാധുനോട്ടുകൾ സംഘത്തിൽനിന്ന് കണ്ടെടുത്തു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പ്രവീണിെൻറ ബെൻസൺ ടൗണിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പഴയ 500, 1000 രൂപ നോട്ടുകളുടെ വലിയ ശേഖരം കണ്ടെടുത്തത്.
കമീഷൻ വ്യവസ്ഥയിൽ പുതിയ നോട്ടുകൾ കൈമാറുന്നതിനിടെയാണ് സംഘത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തതെന്ന് സി.സി.ബി അസിസ്റ്റൻറ് പൊലീസ് കമീഷണർ എച്ച്.എം. മഹാദേവപ്പ പറഞ്ഞു. 15 മൊബൈൽ ഫോണുകൾ, രണ്ടു ബൈക്കുകൾ, നാലു കാറുകൾ എന്നിവയുടെ പൊലീസ് പിടിച്ചെടുത്തു. നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കറൻസി എക്സ്ചേഞ്ച് റാക്കറ്റിനെ കുറിച്ച് പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ ആറുപേരാണ് പൊലീസിെൻറ വലയിലായത്.
മാർച്ച് 23ന് 1.28 കോടിയുടെ അസാധുനോട്ടുകളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. 28ന് തിരുവനന്തപുരം സ്വദേശി ഉൾപ്പെടെ നാലുപേരെയും അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് അഞ്ചുകോടിയുടെ അസാധുനോട്ടുകളാണ് പിടിച്ചെടുത്തത്. അസാധുനോട്ടുകൾ മാറ്റിനൽകുന്ന റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എം.എൽ.സിയുടെ മരുമകൻ ഉൾപ്പെട്ട സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. അസാധുനോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാക്കിയ 2017ലെ സ്പെസിഫൈഡ് ബാങ്ക് നോട്ട്സ് നിയമമനുസരിച്ചും ഐ.പി.സിയിലെ 420ാം വകുപ്പനുസരിച്ചുമാണ് കേസെടുത്തിരിക്കുന്നത്. 13 പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എഡ്വിൻ റൊസാരിയൊ എന്നയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.