‘മണിപ്പൂരിനെ രക്ഷിക്കൂ, ഞങ്ങളെ സഹായിക്കൂ...’; പ്രധാനമന്ത്രിയോട് കൈകൂപ്പി അപേക്ഷിച്ച് ഒളിമ്പിക് മെഡൽ ജേത്രി
text_fieldsന്യൂഡൽഹി: വംശീയ കലാപത്തിൽ വലയുന്ന മണിപ്പൂരിൽ സമാധാനം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായോടും ഒളിമ്പിക് മെഡൽ ജേത്രി മീരാഭായ് ചാനുവിന്‍റെ അഭ്യർഥന. സുരക്ഷാ കാരണങ്ങളാൽ പരിശീലന സെഷനുകൾ ഒഴിവാക്കി വീട്ടിലിരിക്കേണ്ടി വരുന്നതിനാൽ, സംഘർഷം വടക്കുകിഴക്കൻ മേഖലകളിൽനിന്നുള്ള കായികതാരങ്ങളെ ദീർഘകാലത്തേക്ക് ബാധിക്കുമെന്നും നിലവിൽ അമേരിക്കയിൽ പരിശീലനത്തിലുള്ള ഭാരോദ്വഹന താരം പറഞ്ഞു.
മെയ് മൂന്നിന് സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ട വംശീയ കലാപത്തിൽ നൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഇതുവരെ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. വിഷയത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് താരം മണിപ്പൂരിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്ന് മോദിയോട് കൈകൂപ്പ് അപേക്ഷിക്കുന്നത്.
‘മണിപ്പൂരിലെ സംഘർഷം മൂന്ന് മാസത്തോട് അടുക്കുമ്പോഴും സമാധാനം അകലെയാണ്. സംഘർഷത്തെ തുടർന്ന് കായികതാരങ്ങൾക്കൊന്നും പരിശീലനം നടത്താനാകുന്നില്ല. വിദ്യാർഥികളുടെ പഠനവും മുടങ്ങി. നിരവധി ജീവനുകൾ നഷ്ടപ്പെടുകയും വീടുകൾ കത്തിനശിക്കുകയും ചെയ്തു’ -താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ‘എനിക്ക് മണിപ്പൂരിൽ വീടുണ്ട്, വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പുകൾക്കും ഏഷ്യൻ ഗെയിംസിനും തയാറെടുക്കുന്നതിന്‍റെ ഭാഗമായി ഞാൻ നിലവിൽ യു.എസിലാണ്. മണിപ്പൂരിൽ ഇല്ലെങ്കിലും ഈ സംഘർഷം എന്ന് അവസാനിക്കുമെന്ന ചിന്തയിലാണ് എപ്പോഴും’ -മീരാഭായ് ചാനു പറയുന്നു.
സംസ്ഥാനത്തെ മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇതിനകം 150ഓളം ജീവനുകളാണ് നഷ്ടമായത്. ആക്രമം ഭയന്ന് ആയിരക്കണക്കിന് പേർ നാടുവിട്ടു. നിരവധി വീടുകളും സ്ഥാപനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി. എന്നിട്ടും വിഷയത്തിൽ പ്രതികരിക്കാനോ, സംസ്ഥാനം സന്ദർശിക്കാനോ പ്രധാനമന്ത്രി തയാറായിട്ടില്ല. രാജ്യത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് (2018) മീരാഭായ് ചാനു നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.