'സാധാരണ നടപടിക്രമം'; പാർലമെന്‍റിൽ ധർണ വിലക്കിയ ഉത്തരവിൽ വിശദീകരണവുമായി ലോക്സഭ സ്പീക്കർ
text_fieldsന്യൂഡൽഹി: അൺപാർലമെന്‍ററി പെരുമാറ്റത്തെക്കുറിച്ചുള്ള പുതിയ മാർഗനിർദേശങ്ങളിൽ പ്രകടനം, ധർണ, പ്രതിഷേധം, ഉപവാസം തുടങ്ങിയവ വിലക്കുന്ന ഉത്തരവിൽ വിശദീകരണവുമായി ലോക്സഭ സ്പീക്കർ ഓം ബിർള. വിലക്ക് 2009 മുതൽ നിലവിലുള്ള സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്‍റ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഇത്തരം മാർഗനിർദേശങ്ങളും അഭ്യർഥനകളും എല്ലാ സെഷനുകൾക്കും മുമ്പായി പുറപ്പെടുവിക്കുന്നതാണ്. അതിനാൽ, ഇത് സാധാരണവും പതിവുള്ളതുമായ നടപടിക്രമമായി കാണണം. നേരത്തെയും ഇത്തരം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വസ്തുതകളില്ലാതെ ജനാധിപത്യ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തരുതെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹം അഭ്യർഥിച്ചു. പാർലമെന്‍റ് പരിസരത്ത് ധർണയും ഉപവാസവും പ്രതിഷേധങ്ങളും വിലക്കികൊണ്ടുള്ള പാർലമെന്‍റ് ബുള്ളറ്റിൻ പുറത്തുവന്നതിനു പിന്നാലെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി സ്പീക്കർ രംഗത്തെത്തിയത്.
പ്രതിപക്ഷം സർക്കാറിനെതിരെ നിരന്തരം ഉപയോഗിക്കുന്ന നിരവധി വാക്കുകൾ വിലക്കി പാർലമെന്‍ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പുതിയ പട്ടിക ലോക്സഭ പുറത്തിറക്കിയതും വൻ വിവാദമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.