അനധികൃത സ്വത്ത് സമ്പാദന കേസ്; ഹരിയാന മുൻ മുഖ്യമന്ത്രി വീണ്ടും ജയിലിൽ
text_fieldsന്യൂഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ഹരിയാന മുൻമുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലക്ക് നാലു വർഷം തടവും 50 ലക്ഷം രൂപ പിഴയും. നാലിടത്തെ വസ്തുക്കൾ കണ്ടുകെട്ടും. ജനുവരിയിൽ 87 വയസ്സ് കഴിഞ്ഞ ചൗതാല രണ്ടാം തവണയാണ് ജയിലിലാകുന്നത്.
1993-2006 കാലയളവിൽ സമ്പാദിച്ച സ്വത്ത് അവിഹിത മാർഗങ്ങളിലൂടെയല്ല എന്നു തെളിയിക്കാൻ ചൗതാലക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡൽഹി പ്രത്യേക കോടതി ജഡ്ജി വികാസ് ധുൽ വിധിന്യായത്തിൽ പറഞ്ഞു. 2005ലാണ് സി.ബി.ഐ ചൗതാലക്കെതിരെ കേസെടുത്തത്. 1999 ജൂലൈ 24 മുതൽ 2005 മാർച്ച് അഞ്ചുവരെ മുഖ്യമന്ത്രിയായിരുന്ന ചൗതാലയും കുടുംബാംഗങ്ങളും ചേർന്ന് വലിയ തോതിൽ സ്വത്ത് സമ്പാദിച്ചതായി സി.ബി.ഐ കണ്ടെത്തി. 6.09 കോടി രൂപയാണ് അവിഹിത സ്വത്തിന്റെ മൂല്യം നിർണയിച്ചത്.
വരുമാനത്തേക്കാൾ 189 ശതമാനം കൂടുതലാണിതെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറഞ്ഞു. മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനും ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവുമാണ് ചൗതാല. 2013ൽ പ്രാഥമിക വിദ്യാലയ അധ്യാപക നിയമനത്തിലെ അഴിമതിക്ക് ഏഴു വർഷവും ക്രിമിനൽ ഗൂഢാലോചനക്ക് 10 വർഷവും തടവ് വിധിച്ചിരുന്നു. സുപ്രീംകോടതി വിധി ശരിവെച്ചതോടെ ചൗതാല തിഹാർ ജയിലിലായി. ജയിൽവാസ കാലത്ത് 10, 12 ക്ലാസ് പരീക്ഷകൾ പാസായി.
ഇത്രയും കാലം തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞതും പ്രായാധിക്യവും കണക്കിലെടുത്ത് രണ്ടാമത്തെ ശിക്ഷയിൽ ഇളവ് വേണമെന്ന് ചൗതാലയുടെ അഭിഭാഷകൻ അപേക്ഷിച്ചു. ആരോഗ്യം മോശമായതിനാൽ സ്വയം വസ്ത്രം മാറാൻപോലും കെൽപില്ല. എല്ലാറ്റിനും സഹായി വേണമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, അപേക്ഷ കോടതി അനുവദിച്ചില്ല. പൊതുപ്രവർത്തകന് ഇളവ് നൽകിയാൽ തെറ്റായ സന്ദേശമാകുമെന്ന് കോടതി നിരീക്ഷിച്ചു. വിധിക്കു പിന്നാലെ ചൗതാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.