ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം വെളുത്ത ടീഷർട്ട് അണിഞ്ഞ് ഒമർ അബ്ദുല്ലയും
text_fieldsശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നാഷനൽ കോൺഫറൻസ് (എൻ.സി) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല വെള്ളിയാഴ്ച അണിചേർന്നു. ജമ്മുവിലെ ശ്രീനഗറിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഹൈവേ ടൗണിൽ വെച്ചാണ് അദ്ദേഹം യാത്രയുടെ ഭാഗമായത്. രാഹുലിന്‍റെ വസ്ത്രത്തിന് സമാനമായി വെളുത്ത ടീഷർട്ട് ധരിച്ചാണ് ഒമർ അബ്ദുള്ള എത്തിയത്.
'രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയല്ല, മറിച്ച് രാജ്യത്തെ സ്ഥിതി മെച്ചപ്പെടുത്താനാണ് ഭാരത് ജോഡോ യാത്ര ലക്ഷ്യമിടുന്നത്. വ്യക്തിപരമായ കാരണങ്ങളല്ല രാഹുലിനെ ഇത്തരമൊരു യാത്രയിലേക്ക് നയിച്ചത്. വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും രാജ്യത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകളുമാണ് ഇതിന് കാരണം.
രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ ആശങ്കയുള്ളതിനാലാണ് താൻ യാത്രയിൽ പങ്കെടുത്തതെന്ന് അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലെ കോൺഗ്രസിന്റെ നിലപാടിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല'- ഒമർ അബ്ദുല്ല വ്യക്തമാക്കി.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള കേസിൽ കോടതിയിൽ ശക്തമായി പോരാടും. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നിട്ട് എട്ടുവർഷമായി. അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 2014 ലാണ്. ജമ്മു കശ്മീരിലെ രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയിലുള്ള ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിതെന്നും തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായിരുന്ന കാലത്ത് പോലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങൾ തെരഞ്ഞെടുപ്പിന് യാചിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ തങ്ങൾ യാചകരല്ലെന്നും അതിനായി യാചിക്കില്ലെന്നും അമർ അബ്ദുല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.