നിയമസഭ സമ്മേളത്തിന്‍റെ ആദ്യ ദിനം 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ പ്രമേയം പാസാക്കും -ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പു ഫലം വന്ന്, നിയമസഭാ സമ്മേളത്തിന്‍റെ ആദ്യ ദിവസം ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. ജനങ്ങളിൽനിന്നും സർക്കാർ തട്ടിയെടുത്ത അവകാശങ്ങളും സംസ്ഥാനപദവിയും പുനഃസ്ഥാപിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. എന്നാൽ തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ പ്രധാന ചുമതല ഇതിനു വേണ്ടി പ്രവർത്തിക്കുക എന്നതാവുമെന്നും ഉമർ അബ്ദുല്ല പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പരാമർശം.
“തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസം, 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രസർക്കാർ നടപ്പാക്കിയ തീരുമാനത്തോട് ജമ്മു കശ്മീർ ജനതക്കുള്ള എതിർപ്പ് രാജ്യത്തെ മാത്രമല്ല, ലോകത്തെയാകെ അറിയിക്കും. സംസ്ഥാനപദവിയും പ്രത്യേക പദവിയും റദ്ദാക്കിയതിനു പുറമെ കേന്ദ്രം കശ്മീർ മേഖലയെ രണ്ടായി വിഭജിച്ചു. ജമ്മു കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി നേടാനുള്ള പ്രവൃത്തികൾ ചെയ്യുക എന്നതാകണം ഇവിടെ തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ പ്രധാന ചുമതല. ലെഫ്റ്റനന്‍റ് ഗവർണർ ചുമതലയിൽ ഉള്ളിടത്തോളം സർക്കാറിന് സ്വതന്ത്രമായി പ്രവർത്തിക്കാനാവില്ല” -ഉമർ അബ്ദുല്ല പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാനുള്ള സാധ്യതകളെക്കുറിച്ചും ഉമർ അബ്ദുല്ല സൂചിപ്പിച്ചു. ആദ്യം നടന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിലും അത് അടഞ്ഞ അധ്യായമല്ല. എന്നാൽ സീറ്റ് വിഭജനത്തിന് അതിന്റേതായ വെല്ലുവിളികളുണ്ട്. 90 സീറ്റിലും മത്സരിക്കാനുള്ള ആളുകൾ നാഷണൽ കോൺഫറൻസിലുണ്ട്. തെരഞ്ഞെടുപ്പിലെ ഫലം കേന്ദ്രത്തിന് ജനം നൽകുന്ന മറുപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യത്തിന് ജമ്മു കശ്മീരിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കാനായിരുന്നു.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലാണ് കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ നാലിന് ഫലം പ്രഖ്യാപിക്കും. 90 അംഗ നിയമസഭയിലേക്ക് സെപ്റ്റംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമീഷൻ തീയതികൾ പ്രഖ്യാപിച്ചത്. 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രതീരുമാനത്തെ കഴിഞ്ഞ ഡിസംബറിൽ കോടതി ശരിവച്ചിരുന്നു. കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി എത്രയും വേഗത്തിൽ പുനഃസ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.