മെഹബൂബ മുഫ്തിയുടെ തടങ്കൽ നീട്ടിയത് ക്രൂരം -ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക് കൂടി നീട്ടിയത് അവിശ്വസനീയമാംവിധം ക്രൂരവും പ്രതിലോമകരവുമാണെന്ന് നാഷനൽ കോൺഫറൻസ് (എൻ.സി) വൈസ് പ്രസിഡൻറ് ഉമർ അബ്ദുല്ല. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) പ്രസിഡൻറ് കൂടിയായ മെഹബൂബ മുഫ്തി 2019 ആഗസ്റ്റ് അഞ്ചുമുതൽ തടങ്കലിൽ കഴിയുകയാണ്. മൂന്നുമാസം കൂടി നീട്ടിയതോടെ തടവ് ഒരുവർഷം പൂർത്തിയാകും.
“കേന്ദ്ര സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല. അതിെൻറ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. ജമ്മു കശ്മീരിൽ സുഹൃദ്വലയങ്ങൾ ഉണ്ടാക്കുന്നതിന് പകരം ശത്രുക്കളെ സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. മറ്റ് രണ്ട് നേതാക്കളെ കൂടി തടങ്കലിൽ വെക്കാനുള്ള തീരുമാനത്തിലൂടെ കേന്ദ്രം എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്’’ -മുൻ മുഖ്യമന്ത്രി കൂടിയായ ഉമർ അബ്ദുല്ല ആരോപിച്ചു.
എൻ.സി ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗറിെൻറ തടവും പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്‌എ) മൂന്നുമാസം നീട്ടിയതായി ഉമർ അബ്ദുല്ല പറഞ്ഞു. ജമ്മു കശ്മീർ സാധാരണ നിലയിലായെന്ന് ഗീർവാണം മുഴക്കുന്ന മോദി സർക്കാർ, മുഫ്തിയുടെ തടങ്കൽ നീട്ടലിലൂടെ ജമ്മു കശ്മീരിനെ പതിറ്റാണ്ടുകൾ പിന്നിലേക്ക് തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമവിരുദ്ധമായി ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ കേന്ദ്രസർക്കാറിനെതിരെ ഉയരുന്ന ചോദ്യങ്ങൾ ഇല്ലാതാക്കാനാണ് അന്യായ തടങ്കലെന്ന് മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ആരോപിച്ചു. മെഹബൂബ മുഫ്തിയുടെ നിലവിലുള്ള തടവ് കാലാവധി മെയ് ആറിന് പൂർത്തിയാകും. അതുകഴിഞ്ഞാൽ പുതിയ ഉത്തരവ് പ്രകാരം സബ് ജയിലായി നിശ്ചയിച്ച ശ്രീനഗറിലെ ഔദ്യോഗിക വസതിയിൽ തടങ്കലിലാക്കുെമന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.