തിരിച്ചുവന്നു, താഴ്വരയുടെ രാജകുമാരൻ; ഉമർ അബ്ദുല്ല ജമ്മു-കശ്മീർ മുഖ്യമന്ത്രിയാകും
text_fieldsജമ്മു: നിയമസഭ തെരഞ്ഞെടുപ്പിൽ ബുദ്ഗാമിലും ഗന്ദർബാലിലും മിന്നുന്ന വിജയം നേടിയ ഉമർ അബ്ദുല്ലക്ക് ഇതൊരു തിരിച്ചുവരവാണ്. അടുത്ത ജമ്മു-കശ്മീർ മുഖ്യമന്ത്രിയാകാനും കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താനും ഒരുങ്ങുകയാണ് ഈ മൂന്നാം തലമുറ രാഷ്ട്രീയക്കാരൻ.
മാസങ്ങൾക്കുമുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോൽവി രുചിച്ചിടത്തുനിന്നാണ് ഈ തിരിച്ചുവരവ്. 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ആദ്യമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പ്, നാഷനൽ കോൺഫറൻസ് നേതാവിന് ഒരു തരത്തിലുള്ള വീണ്ടെടുപ്പാണ്.
ഒരു കേന്ദ്രഭരണപ്രദേശത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നില്ലെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ജമ്മു-കശ്മീരിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, അദ്ദേഹം തീരുമാനം മാറ്റി. ഒന്നല്ല, രണ്ട് സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബാരാമുള്ളയിൽ തോൽവി ഏറ്റുവാങ്ങിയത് അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം.
ജമ്മു-കശ്മീരിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, പ്രായം കുറഞ്ഞ ലോക്സഭാംഗം എന്നിങ്ങനെയെല്ലാം ശ്രദ്ധ നേടിയതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയപ്പോൾ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.
പിതാവിന്റെ പാരമ്പര്യം പിന്തുടർന്ന് 1998ലാണ് ഉമർ രാഷ്ട്രീയത്തിലെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തോടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1999, 2004 വർഷങ്ങളിലും ലോക്സഭ വിജയം ആവർത്തിച്ചു. വാജ്പേയി സർക്കാറിന്റെ കാലത്ത് വിദേശകാര്യ സഹമന്ത്രിയായി പ്രവർത്തിച്ചു. 2001 ജൂലൈ 23 മുതൽ 2002 ഡിസംബർ 23 വരെ പദവിയിൽ തുടർന്നു. എന്നാൽ, പിന്നീട് എൻ.ഡി.എ സർക്കാറിൽനിന്ന് രാജിവെച്ചു.
ബ്രിട്ടനിലെ എസ്കസിലുള്ള റോച്ച്ഫോർഡിൽ 1970ലാണ് ജനനം. കോളജ് പഠനശേഷം ഐ.ടി.സി ലിമിറ്റഡിലും ഒബ്റോയി ഗ്രൂപ്പിലും ജോലി ചെയ്തശേഷമാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.