'ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; രാത്രി കർഫ്യുവും നിയന്ത്രണങ്ങളുമേർപ്പെടുത്താൻ കേന്ദ്രനിർദേശം
text_fieldsന്യൂഡൽഹി: ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും രോഗവ്യാപനം തടയാൻ വാർ റൂമുകൾ സജീവമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വൈകീട്ട് ആരോഗ്യ സെക്രട്ടറി രാജേശ് ഭൂഷൺ ഒപ്പിട്ട് നൽകിയ കത്തിലാണ് ജാഗ്രത നിർദേശം നൽകിയത്.
അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലും ജില്ലകളിലും കർശന തയാറെടുപ്പുകൾ നടത്താനാണ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വകഭേദത്തിന്‍റെ സാന്നിധ്യം ഇപ്പോഴുമുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജില്ലതലങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നത് വളരെ വേഗത്തിലും ശ്രദ്ധയിലും ആയിരിക്കണം. ഇവിടങ്ങളിൽ ഒമിക്രോൺ വൈറസ് എത്തുന്നതിനു മുമ്പുതന്നെ നിയന്ത്രണ നടപടികൾ സ്വീകരിക്കണം.
രാത്രി കർഫ്യൂ, വലിയ ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം, ഓഫിസുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തൽ ഉൾപ്പെടെ രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ പട്ടികയും കത്തിലുണ്ട്. ആശുപത്രിയിൽ കിടക്കകൾ, ആംബുലൻസുകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കാൻ അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ടുകൾ ഉപയോഗിക്കണം.
കോവിഡ് രോഗികളുടെ സമ്പർക്കപട്ടികയിലുള്ള എല്ലാവരെയും കണ്ടെത്തൽ, ഒമിക്രോൺ ക്ലസ്റ്റർ സാമ്പ്ൾ പരിശോധന, ഡോർ ടൂ ഡോർ പരിശോധന എന്നിവയെല്ലാം സജീവമാക്കാനും കത്തിൽ പറയുന്നു. കൂടാതെ, വാക്സിൻ വിതരണത്തിൽ അതിവേഗം നൂറു ശതമാനം പൂർത്തീകരിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.