ഒമിക്രോൺ, കോവിഡ് കേസുകൾ കുതിച്ചുയരുന്നു; മൂന്നാംതരംഗ ഭീതി
text_fieldsന്യൂഡൽഹി: രാജ്യത്ത് മൂന്നാം തരംഗത്തിന് സൂചന നൽകി ഒമിക്രോൺ, കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഒമിക്രോൺ ബാധിതരുടെ എണ്ണം 961 ആയി. 320 പേർ രോഗമുക്തരായി. 13,154 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം 8,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്താണിത്. ഡിസംബർ 26 മുതൽ പതിനായിരത്തിനു മുകളിലേക്ക് വന്നതായി വ്യാഴാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഡെൽറ്റ വകഭേദത്തേക്കാൾ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെന്നും ലോകത്ത് ഇതുവരെ 58 ഒമിക്രോൺ മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നും ലവ് അഗർവാൾ വ്യക്തമാക്കി.
കോവിഡ്, ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പരിശോധനയും ആശുപത്രിതലത്തിലുള്ള സൗകര്യവും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു.
ലോകത്ത് ഒമിക്രോൺ കേസുകളുടെ വർധന രാജ്യത്തും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ടെന്ന് നിതി ആയോഗ് അംഗം(ആരോഗ്യം) വി.കെ. പോൾ പറഞ്ഞു. പല സംസ്ഥാനങ്ങളിലും കേസുകൾ വർധിച്ചുവരുന്നു. ഒരാളിൽ നിന്ന് രോഗം പടരുന്നതിെൻറ തോതിൽ വലിയ വർധനയുണ്ടായി.
മെട്രോ നഗരങ്ങളിലാണ് കേസുകളുടെ വർധന കൂടുതൽ. 24 മണിക്കൂറിനിടെ, മുംബൈയിൽ 2,510 പുതിയ കേസുകൾ സ്ഥിരീകരിച്ചു, ഒറ്റയടിക്ക് 82 ശതമാനം വർധന. സമാന വർധന ഡൽഹിയിലുമുണ്ട്. ഗുഡ്ഗാവ്, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, അഹ്മദാബാദ് നഗരങ്ങളിലും കേസുകൾ വർധിച്ചു. ഡൽഹിയിൽ 263 ഉം മഹാരാഷ്ട്രയിൽ 252 ഉം ഒമിക്രോൺ കേസുകൾ ആയി.
ഡൽഹി, മുംബൈ നഗരങ്ങളിൽ മൂന്നാം തരംഗം ആരംഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മഹാരാഷ്ട്ര കോവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ. രാഹുൽ പണ്ഡിറ്റ് പറഞ്ഞു. അതിനിടെ, നൈജീരയിൽനിന്നെത്തിയ 52കാരൻ ഹൃദയാഘാതം മൂലം മരിച്ചത് മുംബൈയിൽ ആശങ്ക പരത്തി. കോവിഡ് ബാധിതനായ ഇദ്ദേഹത്തിന്റെ മരണം ഒമിക്രോണുമായി ബന്ധപ്പെട്ടല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ
തിരുവനന്തപുരം: ഒമിക്രോൺ വ്യാപന സാധ്യത മുൻനിർത്തി സംസ്ഥാനത്ത് ഏർപ്പെടുത്തിയ നാല് ദിവസത്തെ രാത്രികാല നിയന്ത്രണം നിലവിൽവന്നു. ജനുവരി രണ്ടുവരെ രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം. രാത്രി ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം ശബരിമല, ശിവഗിരി തീർഥാടകർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്. തിയറ്ററുകളിൽ രാത്രി പ്രദർശനം വിലക്കിയിട്ടുണ്ട്. ബാറുകൾ, ഹോട്ടലുകൾ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്. രാത്രി പരിശോധന കൂടുതൽ കർക്കശമാക്കാനും ആൾക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ജില്ലകളിലെ പ്രധാനകേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ഊർജിതമാക്കി.
ലക്ഷണമുള്ളവർ പൊതുയിടങ്ങളിൽ ഇറങ്ങരുത്; കരുതല്‍ പ്രധാനം -ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേരളത്തിൽ ഇതുവരെ 63 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുത്.
ശ്രദ്ധിച്ചില്ലെങ്കില്‍ വാക്സിനെടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനും കോവിഡ് വന്നവര്‍ക്ക് വീണ്ടും വരുന്ന റീ ഇന്‍ഫെക്ഷനും മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്വയം പ്രതിരോധം ഏറെ പ്രധാനമാണ്. മാസ്ക്, വായു സഞ്ചാരമുള്ള മുറി, വാക്സിനേഷന് എന്നിവ പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.