കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിലെ ഉയരുന്ന കോവിഡ് നിരക്ക്; കേന്ദ്രത്തിന് ആശങ്ക
text_fieldsന്യൂഡൽഹി: കേരളം അടക്കം എട്ടു സംസ്ഥാനങ്ങളിലെ ഉയരുന്ന കോവിഡ് കണക്കിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. 300 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലാണ്. ഒമിക്രോൺമൂലമുള്ള അണുബാധ പനിയും ചുമയുമെന്ന മട്ടിൽ അവഗണിക്കരുതെന്നും വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, തമിഴ്നാട്, കർണാടക, യു.പി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഉയരുന്ന കോവിഡ് കണക്കിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചത്.
ഡിസംബർ 30ന് ദേശീയതലത്തിൽ 1.1 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനമായതായി ആരോഗ്യമന്ത്രാലയ ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. 19 സംസ്ഥാനങ്ങളിൽ 10,000ലധികമാണ് കോവിഡ് കേസുകൾ. മഹാരാഷ്ട്രയിലാണ് കൂടുതൽ. കോവിഡ് ബാധിതരുടെ കാര്യത്തിൽ കേരളം അഞ്ചാമതാണ്. ഓക്സിജൻ അടക്കം ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് എഴുതിയ കത്തിൽ ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
അതേസമയം, ഡൽഹിയിൽ അഞ്ചു ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. മുംബൈയിലെന്നപോലെ രണ്ടുമൂന്ന് ദിവസം കൊണ്ട് കുറയുമെന്ന് കരുതുന്നതായും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.