ആശുപത്രി ചെലവുകൾക്കായി ഒരു ലക്ഷം രൂപവരെ; ഇ.പി.എഫ്.ഒ സര്‍ക്കുലർ പറയുന്നത് ഇതാണ്
text_fieldsമെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പണം മുൻകൂറായി പിന്‍വലിക്കാന്‍ അനുമതി നൽകി ഇ.പി.എഫ്.ഒ. കോവിഡ് 19ന്റെ തീവ്ര വ്യാപനം കണക്കിലെടുത്താണ് രോഗബാധിതർക്കും കുടുംബങ്ങള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം മുൻകൂറായി നൽകാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചത്.
അംഗങ്ങള്‍ക്ക് ആശുപത്രി ചെലവുകൾ ഉള്‍പ്പെടെയുള്ള അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപ മുന്‍കൂറായി പിന്‍വലിക്കാം. ഇതിന് രേഖകളോ എസ്റ്റിമേറ്റുകളോ ഹാജരാക്കേണ്ടതില്ലെന്നും ഇ.പി.എഫ്.ഒ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
"ജീവന് തന്നെ ഭീഷണിയാകുന്ന രോഗങ്ങൾ ബാധിക്കുമ്പോൾ അടിയന്തിരമായി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളിൽ ആശുപത്രിയിൽ നിന്ന് എസ്റ്റിമേറ്റ് ലഭിച്ചെന്നു വരില്ല'', കഴിഞ്ഞ വർഷം കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനഘട്ടത്തിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇ.പി.എഫ്.ഒ പറഞ്ഞിരുന്നു. പിഎഫ് സ്‌കീമിന് കീഴിലുള്ള ജീവനക്കാര്‍ക്ക് മെഡിക്കല്‍ അത്യാഹിതമുണ്ടായാല്‍ മുൻകൂറായി പണം പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം പുനരവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഘടന പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഇ.പി.എഫ്.ഒ മെഡിക്കല്‍ അഡ്വാന്‍സ് എങ്ങനെ നേടാം
ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രിയിലോ പിഎസ്‍യുവിലോ സിജിഎച്ച്എസ് എംപാനല്‍ഡ് ചെയ്ത ആശുപത്രിയിലോ ആണ് രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടത്. സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിൽ, ചട്ടങ്ങളില്‍ ഇളവ് നൽകണമെന്ന് അഭ്യർഥിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് അപ്പീല്‍ നല്‍കാം.
അഡ്വാന്‍സ് ക്ലെയിം ചെയ്യുന്നതിനായി ജീവനക്കാരനോ കുടുംബാംഗമോ രോഗിയുടെ പേരില്‍ ഒരു കത്ത് സമര്‍പ്പിക്കണം. അതിൽ ചെലവിന്റെ എസ്റ്റിമേറ്റ് നൽകേണ്ട കാര്യമില്ല, എന്നാല്‍ ആശുപത്രിയുടെയും രോഗിയുടെയും വിശദാംശങ്ങള്‍ ചേർത്തിരിക്കണം.
ഒരു ലക്ഷം രൂപവരെയുള്ള മെഡിക്കല്‍ അഡ്വാന്‍സ് ബന്ധപ്പെട്ട അധികാരി രോഗിക്കോ കുടുംബാംഗത്തിനോ നല്‍കും. അല്ലെങ്കില്‍ ചികിത്സ ആരംഭിക്കുന്നതിനായി ഈ തുക ആശുപത്രിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുകയും ചെയ്യാം. ഈ അഡ്വാന്‍സ് ഉടനടി അനുവദിക്കണം, കഴിയുമെങ്കിൽ അതേ പ്രവൃത്തി ദിവസം തന്നെ.
ചികിത്സാ ചെലവ് ഒരു ലക്ഷം രൂപയില്‍ കൂടുതലാകുന്ന സാഹചര്യത്തില്‍, ഇ.പി.എഫ്.ഒയുടെ പിന്‍വലിക്കല്‍ നിയമത്തിന് വിധേയമായിക്കൊണ്ട് അധിക അഡ്വാന്‍സ് അനുവദിക്കാൻ കഴിയുന്നതാണ്. ചികിത്സയ്ക്കുള്ള എസ്റ്റിമേറ്റ് ലഭിച്ചതിന് ശേഷം മാത്രമേ ഈ അഡ്വാന്‍സ് അനുവദിക്കൂ.
ആശുപത്രി വിട്ടതിന് ശേഷം 45 ദിവസത്തിനുള്ളില്‍ ജീവനക്കാരനോ കുടുംബാംഗങ്ങളോ ആശുപത്രി ബില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇപിഎഫ് നിയമങ്ങള്‍ അനുസരിച്ച് ആശുപത്രിയുടെ അന്തിമ ബില്ലിന് അനുയോജ്യമായ രീതിയില്‍ മെഡിക്കല്‍ അഡ്വാന്‍സ് ക്രമീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.