ഒമിക്രോൺ: ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യംവിട്ട സംഭവം; അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsബംഗളൂരു: ബംഗളൂരുവിൽ കോവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ വസന്ത് നഗറിലെ ഹോട്ടലിൽ ക്വാറൻറീനിൽ കഴിയുന്നതിനിടെ രാജ്യംവിട്ട സംഭവത്തിൽ തുടരന്വേഷണം എങ്ങുമെത്തിയില്ല.
ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ എത്തിയതിനാൽ പരാതി നൽകി തുടർനടപടി സ്വീകരിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളാണ് അധികൃതരെ കുഴക്കുന്നത്. പൊലീസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെങ്കിലും ഹൈഗ്രൗണ്ട് പൊലീസിൽ ഇതുവരെ ബി.ബി.എം.പി പരാതി നൽകുകയോ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. കോവിഡ് പോസിറ്റിവായി മൂന്നു ദിവസത്തിനുള്ളിൽ 66കാരന് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകിയ സ്വകാര്യ ലാബിനെതിരെയുള്ള അന്വേഷണത്തിലും അവ്യക്തത നിലനിൽക്കുകയാണ്.
ക്വാറൻറീൻ ലംഘനത്തിന് ഹോട്ടലിന് ബി.ബി.എം.പി നോട്ടീസ് നൽകിയിട്ടുണ്ട്. സ്വകാര്യ ലാബിൽനിന്നു നൽകിയത് വ്യാജ നെഗറ്റിവ് സർട്ടിഫിക്കറ്റാണോ എന്ന കാര്യത്തിൽ ഉൾപ്പെടെ അധികൃതർ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. കർണാടകയിൽ രണ്ടു പേർക്ക് കോവിഡിെൻറ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ സമ്പർക്കപ്പട്ടികയിലെ നിരവധി പേരെ കണ്ടെത്തി പരിശോധനക്കു വിധേയമാക്കാൻ തീരുമാനം. ബംഗളൂരുവിലെ ഹോട്ടലിൽ നടന്ന മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തിരുന്ന 46കാരനായ ഡോക്ടർക്കും ദക്ഷിണാഫ്രിക്കൻ പൗരനായ 66കാരനുമാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നത്. നവംബർ 18നും 20നും ഇടയിൽ ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ നടന്ന മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തവരെയും ഹോട്ടൽ ജീവനക്കാരെയും ഉൾപ്പെടെ നൂറിലധികം പേരെയാണ് കോവിഡ് പരിശോധനക്കു വിധേയമാക്കുന്നത്. ഡോക്ടർക്ക് രോഗം പകർന്നതിെൻറ ഉറവിടം വ്യക്തമല്ലാത്തതിനാൽ ഇദ്ദേഹവുമായി സമ്പർക്കമുണ്ടായ നിരവധി പേരെ പരിശോധിക്കണം.
കോൺഫറൻസിൽ ആരോഗ്യമേഖലയിലെ 60ലധികം പേരാണ് പങ്കെടുത്തത്. പരിപാടിക്ക് മുമ്പുതന്നെ ഡോക്ടറിൽ ഒമിക്രോൺ വകഭേദം പിടികൂടിയിരിക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനമെങ്കിലും എല്ലാവരെയും പരിശോധിക്കാനാണ് ബി.ബി.എം.പിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.