ജാതി സെൻസസിനായി സർവകക്ഷി യോഗം നടത്തുമെന്ന് നിതീഷ് കുമാർ; യോഗത്തിൽ ബി.ജെ.പി പങ്കെടുക്കും
text_fieldsപട്ന: സംസ്ഥാനത്തെ ജാതി സെൻസസിനായി സർവകക്ഷിയോഗം ജൂൺ ഒന്നിന് നടക്കുമെന്ന് ബിഹാർ പാർലമെന്‍ററി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി. ജാതി സെൻസസ് എന്ന ആശയത്തെ നേരത്തെ എതിർത്ത ബി.ജെ.പിയും യോഗത്തിൽ പങ്കെടുക്കുമെന്ന് ചൗധരി പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാമെന്ന് ബി.ജെ.പി സമ്മതമറിയിച്ചതിന് പിന്നാലെയാണ് ചൗധരി ഈ കാര്യം അറിയിച്ചത്.
എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ മെയ് 27ന് ഇതുമായി ബന്ധപ്പെട്ട സർവകക്ഷി യോഗം വിളിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ സൂചന നൽകിയിരുന്നു. തന്റെ സർക്കാർ ജാതി സെൻസസ് ഉടൻ ആരംഭിക്കുമെന്നും സംസ്ഥാനത്തെ എല്ലാ പാർട്ടികളും ഈ നീക്കത്തെ പിന്തുണക്കുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിൽ എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കാൻ ഞങ്ങൾ സർവകക്ഷി യോഗം വിളിക്കും. തുടർന്ന് ഈ നിർദേശം സംസ്ഥാന മന്ത്രിസഭയിൽ അവതരിപ്പിക്കും- നിതീഷ് കുമാർ പറഞ്ഞു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കാൻ ജാതി സെൻസസ് സർക്കാരിനെ പ്രാപ്തമാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആർ.ജെ.ഡി ഉൾപ്പടെ ബിഹാറിലെ മിക്ക പാർട്ടികളും ജാതി സെൻസസ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ജാതി സെൻസസ് ഭരണപരമായി ബുദ്ധിമുട്ടുള്ളതാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജാതി സെൻസസ് ഭിന്നിപ്പിക്കൽ നടപടിയാണെന്നാണ് കേന്ദ്രത്തിന്‍റെ വാദം. എന്നാൽ ജാതി അടിസ്ഥാനമാക്കിയ സെൻസസ് സമൂഹത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടവരെ സഹായിക്കുന്നതിലേക്ക് നയിക്കുമെന്ന് ബിഹാറിലെ രാഷ്ട്രീയ പാർട്ടികൾ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.