ബിൽക്കീസ് ബാനു കേസ്: വെളിവായത് ബി.ജെ.പി നേതാക്കളുടെ ക്രൂര മനസ്സ്; അമിത് ഷാ രാജിവെച്ച് മാപ്പ് പറയണമെന്നും സിദ്ധരാമയ്യ
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ 11 പേരെ വിട്ടയച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണം. പ്രതികളെ വിട്ടയച്ചതിലൂടെ ബി.ജെ.പി നേതാക്കളുടെ ക്രൂര മനസ്സാണ് പുറത്തുവന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ബി.ജെ.പിയെ അദ്ദേഹം കടന്നാക്രമിച്ചത്.
'ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്, ബി.ജെ.പി നേതാക്കളുടെ ക്രൂരമായ മാനസികാവസ്ഥ തുറന്നുകാട്ടുന്നു. മനുഷ്യത്വരഹിതരായ ഈ കഴുകന്മാർക്ക് മാപ്പ് നൽകിയതിലൂടെ അവർ രാജ്യത്തിനാകെ നാണക്കേടുണ്ടാക്കി. അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണം' -സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.
വൈകാരിക വിഷയങ്ങൾ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്ന ബി.ജെ.പിയുടെ നടപടികൾ ദൗർഭാഗ്യകരമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ധ്രുവീകരിക്കാനാണ് ബലാത്സംഗക്കാരെയും കൊലപാതകികളെയും മോചിപ്പിക്കുന്നത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ സ്ത്രീകളുടെ ആശങ്കകളേക്കാൾ തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ഇവർ 14 വർഷമായി ജയിലിൽ കഴിയുകയാണെന്നും പെരുമാറ്റം നല്ലതാണെന്നുമാണ് വിട്ടയച്ചതിനെ കുറിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചത്. വിട്ടയച്ചത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.