ജൂനിയർ ഉദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിച്ച് ഐ.എ.എസ് ഓഫീസർ
text_fieldsപാട്ന: ബിഹാറിലെ മുതിർന്ന ഐ.എ.എസ് ഓഫീസർ ജൂനിയർ ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. വകുപ്പ് അവലോകന യോഗത്തിനിടെയാണ് പ്രബേഷനിലുള്ള ജീവനക്കാരനെ മുതിർന്ന ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചത്.
കെ.കെ പതക് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ജൂനിയർ ഉദ്യോഗസ്ഥനെ വ്യക്തിപരമായി ആക്ഷേപിച്ചത്. സംഭവത്തിൽ ബിഹാർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് അസോസിയേഷൻ അപലപിച്ചു. ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
‘ഇവിടെയുള്ള ആളുകൾ ഇങ്ങനെയാണ്. ചെന്നൈയിൽ ആളുകൾ നിയമം അനുസരിക്കും. ഇവിടെ ആരെങ്കിലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് കണ്ടിട്ടുണ്ടോ? ചുവപ്പ് സിഗ്നലിൽ പോലും ഹോണടിക്കുന്നവരാണ് ഇവിടത്തുകാർ.’ - പ്രൊഹിബിഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പതക് യോഗത്തിൽ കുറ്റപ്പടുത്തി.
കൂടാതെ, ഡെപ്യൂട്ടി കലക്ടറെ വ്യക്തിഗതമായും അധിക്ഷേപിച്ചു. മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ച് ജൂനിയർ ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞിട്ടുപോലും അധിക്ഷേപം തുടരുകയായിരുന്നു.
പതകിനെ സർവീസിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് ബിഹാർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് അസോസിയേഷൻ (ബാസ) ആവശ്യപ്പെട്ടു. പ്രൊഹിബിഷൻ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം ബിഹാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആനറ് റൂറൽ ഡെവലപ്പ്മെന്റ് വകുപ്പിന്റെ കൂടെ ചുമതല വഹിക്കുന്നയാളാണ്. പരിശീലന കാലയളവിൽ ഇദ്ദേഹം ബിഹാർ ഉദ്യോഗസ്ഥരെ ഉപദ്രവിച്ചിട്ടുണ്ട്. പൊതുമധ്യത്തിൽ അപമാനിച്ചതിനെ തുടർന്ന് ഒരു ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഈ വിഡിയോ സംബന്ധിച്ച് എല്ലാ ഉദ്യോഗസ്ഥരും രോഷാകുലരാണ്. ഇദ്ദേഹത്തിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ചീഫ് സെക്രട്ടറിയോടും നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയാണെന്നും ബാസ പ്രസിഡന്റ് സുനിൽ തിവാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.