ഡല്‍ഹി കോടതിയിലെ വെടിവെപ്പ്; എന്താണ് സംഭവിക്കുന്നതെന്ന് ലഫ്. ഗവർണർ വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡല്‍ഹി സാകേത് കോടതിയിലെ വെടിവയ്പിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ട് ഡൽഹിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലഫ്. ഗവർണർ വിശദീകരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകനാണ് വെടിയുതിര്‍ത്തത്. സ്ത്രീയ്ക്കെതിരെ അഭിഭാഷകന്‍ മൂന്നു തവണ വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. രണ്ടു തവണ വെടിയുതിർത്തതിനു പിന്നാലെ സ്ത്രീ പടികൾ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, അഭിഭാഷകൻ പിന്നാലെയെത്തി മൂന്നാം തവണയും വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നിലവിളിച്ചുകൊണ്ട് സ്ത്രീ കോടതി വളപ്പിൽനിന്ന് ഓടുകയായിരുന്നു. നിരവധി പേർ കാഴ്ചക്കാരായി നിന്നു. ആരും അഭിഭാഷകനെ തടയാൻ ശ്രമിക്കുന്നില്ല.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിവയ്പ്പിനെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.
ഡൽഹിയിലെ ദ്വാരകയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി ദിവസങ്ങൾക്കു ശേഷമാണ് ഈ സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ അഭിഭാഷക വേഷം ധരിച്ചെത്തിയ രണ്ട് അക്രമികള്‍ രോഹിണി കോടതിയിലും വെടിവയ്പ് നടത്തിയിരുന്നു.
അഭിഭാഷകെൻറ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നിയമവിദഗ്ധരുടെ സുരക്ഷ ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ബാറിലെ മുതിർന്ന അംഗത്തെ കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും വീഡിയോയും കണ്ട് തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിച്ചിരിക്കുകയാണെന്നും ഡൽഹിയിൽ അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.