ഹിന്ദു ദൈവങ്ങളുടെ പേരുള്ള പടക്കം വില്‍ക്കരുത്, മുസ്‌ലിം കടയുടമകൾക്കുനേരെ ആക്രമികളുടെ ഭീഷണി
text_fieldsദേവാസ്: ഹിന്ദു ദൈവങ്ങളുടെയോ ദേവതകളുടെയോ പേരിലുള്ള പടക്കം സംഭരിക്കുകയും വിൽക്കുകയും ചെയ്യുന്ന മുസ്‌ലിം കടയുടമകൾക്കുനേരെ ആക്രമണ ഭീഷണി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
കാവി നിറത്തിലുള്ള സ്കാർഫ് കഴുത്തിൽ അണിഞ്ഞ സംഘം കടയിലെത്തി ഭീഷണിപ്പെടുത്തുന്നത് വിഡിയോയിൽ വ്യക്തമാണ്. കടയുടമകൾ പലരും ഭീതിയോടെ അവരെ അനുസരിക്കാൻ നിർബന്ധിതരാവുന്നതും കാണാം.
'നിങ്ങൾ പടക്കങ്ങൾ വിൽക്കുന്നത് തുടരുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഈ കടയില്‍ നിന്ന് ഒരു ലക്ഷ്മി ബോംബോ ഗണേഷ് ബോംബോ പോലും വിറ്റാല്‍ നിങ്ങൾ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാകും' എന്ന് പറഞ്ഞ് രണ്ട് ആക്രമികൾ വയോധികനായ മുസ്‌ലിം കടയുടമയെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ വ്യക്തമാണ്.ഭീഷണിക്ക് പിന്നാലെ കടയുടമ ആക്രമിയോട് കൈകൂപ്പി 'ദയവായി ദേഷ്യപ്പെടരുതെന്നും അനുസരിക്കാമെന്നും' പറയുന്നുണ്ട്.
അക്രമികൾ ഫ്രാൻസിലെ കാർട്ടൂൺ വിവാദത്തെകുറിച്ചും പരാമർശിക്കുന്നുണ്ട്. 'ഒരു കാർട്ടൂണിന്‍റെ പേരിൽ, വളരെയധികം കുഴപ്പങ്ങൾ സംഭവിക്കുന്നു. മതവിശ്വാസത്തെ അവഹേളിക്കുന്നവരോടുള്ള ഞങ്ങളുടെ സമീപനവും വ്യത്യസ്തമല്ല. എൻ.ആർ.സി പ്രതിഷേധത്തിനിടെ മുസ്ലീങ്ങൾ കടകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി. ഇതാണ് സത്യം. നിങ്ങൾ രാജ്യത്തിന് എതിരാണെങ്കിൽ ഞങ്ങൾ നിങ്ങൾക്കെതിരാണ്' അക്രമികൾ പറഞ്ഞു.
നിരപരാധികളായ കടയുടമകളെ ഭീഷണിപ്പെടുത്തിയ ആക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ദേവാസ് ജില്ല കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.