കർണാടകയിൽ റോഡിലിറങ്ങി വിദ്യാർഥിനികളുടെ ഹിജാബ് അഴിപ്പിച്ച് അധ്യാപകർ; വീഡിയോ കാണാം
text_fieldsഹിജാബ് വിവാദത്തെ തുടർന്ന് കർണാടകയിൽ അടച്ചിരുന്ന സ്കൂളുകൾ വീണ്ടും തുറന്ന പശ്ചാത്തലത്തിൽ മാണ്ഡ്യ ജില്ലയിലെ എയ്ഡഡ് സ്‌കൂളിൽ നടന്ന സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്കൂൾ ഗേറ്റിന് പുറത്തിറങ്ങി നിൽക്കുന്ന അധ്യാപിക ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തടയുന്നതും ഹിജാബ് ഊരിക്കളയാന്‍ ആജ്ഞാപിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. മതപരമായ വസ്ത്രങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു.
വാർത്താ ഏജൻസിയായ എ.എൻ.ഐ പങ്കിട്ട ദൃശ്യങ്ങളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളോട് അത് ഊരിക്കളഞ്ഞ് അകത്ത് കയറാന്‍ അധ്യാപിക ആജ്ഞാപിക്കുന്നതാണ് കാണിക്കുന്നത്. തുടർന്ന് വിദ്യാർഥിനികളുടെ രക്ഷിതാക്കൾ അവരെ ഹിജാബ് ധരിച്ച് അകത്ത് കയറാന്‍ അനുവദിക്കണമെന്ന് അധ്യാപികയോട് പറയുന്നുണ്ട്. പക്ഷേ സ്ഥിതിഗതികളെക്കുറിച്ച് അവരോട് അധ്യാപിക വിശദീകരിക്കുകയും വിദ്യാർഥിനികൾ ഹിജാബ് ഊരിവെച്ച് അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുന്നതോടെ വിഡിയോ അവസാനിക്കുന്നു.
കഴിഞ്ഞമാസം ഉഡുപ്പിയിലെ പ്രീ യൂനിവേഴ്സിറ്റി കോളജിൽ ആരംഭിച്ച വിവാദം അതിവേഗത്തിലാണ് സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. മുസ്‍ലിം വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് സ്ക്കൂളിൽ വരുന്നത് യൂനിഫോം കോഡിന് വിരുദ്ധമാണെന്ന് പറഞ്ഞ് ഒരുകൂട്ടം വിദ്യാർഥികൾ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചതാണ് ഹിജാബ് വിവാദത്തിന് വഴിവെച്ചത്.
പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താന്‍ ഇന്നലെ വരെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കർണാടക മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായി, ഫ്രഞ്ച് ഫുട്‌ബോൾ താരം പോൾ പോഗ്‌ബ തുടങ്ങിയ നിരവധി അന്തർദേശീയ-ദേശീയ വ്യക്തിത്വങ്ങൾ ഹിജാബ് വിഷയത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.