ഡൽഹിയിൽ യുവതിക്കും മകൾക്കും ക്രൂര മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ഒരു സംഘം ആളുകൾ 38 കാരിയായ സ്ത്രീയെയും മകളെയും വടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ മാസം ഷാലിമാർ ബാഗിലെ ഒരു റെസിഡൻഷ്യൽ കോളനിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നവംബർ 19നാണ് മകൾക്കൊപ്പം യുവതിയും പീഡനത്തിനിരയായത്. സമീപത്തെ സി.സി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂര മർദ്ദനം പുറത്തറിഞ്ഞത്.
എ.എ.പി എം.എൽ.എ ബന്ദന കുമാരിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതി ആരോപിച്ചു. എം.എൽ.എ ഇത് നിഷേധിച്ചിട്ടുണ്ട്. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ രണ്ട് സ്ത്രീകൾ ഇരുവരെയും ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സി.സി ടി.വി വീഡിയോയിൽ പതിഞ്ഞത്. കയ്യിൽ വടിയുമായി ഒരു കൂട്ടം ആൺകുട്ടികൾ ഇവരെ നിഷ്കരുണം അടിക്കുന്നതും വീഡിയോയിൽ ഉണ്ട്. പിന്നീട് കാറിനടുത്ത് കിടന്ന് യുവതി സഹായത്തിനായി നിലവിളിക്കാൻ തുടങ്ങിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിന് നേതൃത്വം നൽകിയ സ്ത്രീകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും അവർ പറഞ്ഞു.
ആം ആദ്മി എം.എൽ.എ ബന്ദന കുമാരിയുടെ അനുയായികളാണെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും ചേർന്ന് മർദിച്ചതായി യുവതി മൊഴിയിൽ ആരോപിച്ചു.
'നവംബർ 19ന് രാത്രി ആം ആദ്മി എം.എൽ.എ ബന്ദന കുമാരിക്ക് അറിയാവുന്ന ആളുകൾ എന്നെയും എന്‍റെ മകളെയും ആക്രമിച്ചു. 2019ൽ എം.എൽ.എയുടെ ഭർത്താവിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തതിനാലാണ് ആക്രമണം നടത്തിയത്. അവർക്കെതിരെ മുമ്പും നിരവധി പരാതികൾ നൽകിയിട്ടുണ്ട്'- യുവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.