യോഗി സർക്കാർ ശ്മശാനങ്ങൾ നിർമിക്കുക മാത്രമല്ല, അവിടേക്ക് ആളുകളെയെത്തിക്കുകയും ചെയ്യുന്നു -പരിഹസിച്ച് കെജരിവാൾ
text_fieldsലഖ്നോ: യു.പിയിൽ കോവിഡ് മരണങ്ങൾ കൂടുന്നതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യു.പിയിൽ ശ്മശാനങ്ങൾ നിർമിച്ചതിന് പുറമേ ആളുകളെ കൂട്ടത്തോടെ അവിടേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും മുഖ്യമന്ത്രി ഒരുക്കിക്കൊടുത്തുവെന്ന് കെജരിവാൾ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലഖ്നോവിൽ ആം ആദ്മി പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും മോശം കോവിഡ് മാനേജ്മെന്‍റാണ് യു.പിയിൽ യോഗി സർക്കാർ നടപ്പാക്കിയത്. ഇത് മൂടിവെക്കുന്നതിന്‍റെ ഭാഗമായി കോടിക്കണക്കിന് രൂപയാണ് പരസ്യങ്ങൾക്ക് വേണ്ടി ചെലവിടുന്നത്. യു.എസ് മാസികയിൽ പോലും 10 പേജുകളിലായി പരസ്യങ്ങൾ നൽകി. പൊതുജനങ്ങളുടെ പണമാണ് ഇങ്ങനെ ചെലവിടുന്നത്.
ഉത്തർപ്രദേശിൽ 'ഖബർസ്ഥാനുകൾ' വരികയാണെങ്കിൽ 'ശ്മശാനങ്ങളും' കൊണ്ടുവരുമെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവ് 2017ൽ പറഞ്ഞിരുന്നെന്ന് നരേന്ദ്ര മോദിയെ പരാമർശിച്ചുകൊണ്ട് കെജരിവാൾ പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ അഞ്ച് വർഷത്തിനിടെ യു.പി സർക്കാർ ശ്മശാനങ്ങൾ മാത്രമാണ് നിർമിച്ചതെന്നും കെജരിവാൾ പറഞ്ഞു.
എതിരാളികൾ ശ്മശാനങ്ങൾ നിർമിക്കാൻ മിടുക്കരാണ്. എന്നാൽ, സ്കൂളുകളും ആശുപത്രികളും എങ്ങനെ നിർമിക്കണമെന്ന് എനിക്കറിയാം. ഡൽഹിയിൽ അത് ചെയ്തിട്ടുണ്ട്. യു.പിയിലും അത് പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് റാലിയിൽ കെജരിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.