ഡീപ്ഫേക്ക് ഉള്ളടക്കം തടയാൻ സമൂഹമാധ്യമങ്ങൾക്ക് ഒരാഴ്ച സമയം നൽകി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ തടയാൻ സമൂഹമാധ്യമങ്ങൾക്ക് ഏഴുദിവസത്തെ സമയം നൽകി കേന്ദ്ര സർക്കാർ. ഡീപ്ഫേക്ക് ഉള്ളടക്കങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ പ്രത്യേക ഓഫിസറെ ഉടൻ നിയമിക്കുമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഡീപ്ഫേക്ക് വിഡിയോകളും ഫോട്ടോകളുമടക്കം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ ഐ.ടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾ പങ്കുവെക്കാൻ ഉപയോക്താക്കൾക്കായി ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം ഒരു വെബ്സൈറ്റ് വികസിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു. ഒപ്പം ഐ.ടി നിയമം ലംഘിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകും. പരാതി നൽകാനും സഹായം നൽകും. ആദ്യം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. ഇത്തരം ഉള്ളടക്കത്തെ കുറിച്ചുള്ള ഉറവിടം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വെളിപ്പെടുത്തിയാൽ അത് പങ്കുവെച്ചവർക്കെതിരെ കേസെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
നിലവിലെ നിയമങ്ങൾകൊണ്ടു മാത്രം ഡീപ്ഫേക്ക് തടയാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ ചലച്ചിത്ര നടിമാരുടെ ഡീപ്ഫേക്കുകൾ പുറത്തുവന്നതിനു പിന്നാലെ രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സാങ്കേതിക വിദ്യ ശ്രദ്ധാപൂർവം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഡീപ്‌ഫേക്കുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഒരു ലക്ഷം രൂപ പിഴയും മൂന്നുവർഷം ജയിൽവാസവും ലഭിക്കുന്ന തരത്തിലാണു കേന്ദ്രസർക്കാർ നിയമം നടപ്പാക്കുന്നത്.
ഡീപ്ഫേക്കുകൾക്കെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായും വ്യാഴാഴ്ച ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.