Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഹാംഗീർപുരി...

ജഹാംഗീർപുരി സംഘർഷത്തിലെ മുഖ്യപ്രതി ഏത് പാർട്ടിക്കാരൻ? രാഷ്ട്രീയ ബന്ധത്തെ ചൊല്ലി ആപ്പ്-ബി.ജെ.പി പോര്

text_fields
bookmark_border
Ansar
cancel
camera_alt

ജഹാംഗീർപുരി സംഘർഷത്തിലെ മുഖ്യപ്രതി അൻസാർ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്ത ചിത്രം

ന്യൂഡൽഹി: ജഹാംഗീർപുരി സംഘർഷത്തിലെ മുഖ്യപ്രതിയായ അൻസാരിയുടെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിൽ പോര്. അൻസാർ ബി.ജെ.പി നേതാവാണെന്ന് ആം ആദ്മി ആരോപിക്കുമ്പോൾ ആം ആദ്മിക്ക് വേണ്ടി കലാപമുണ്ടാക്കുന്നയാളാണ് അൻസാരിയെന്ന് ബി.ജെ.പി ആരോപിക്കുന്നു.

അൻസാർ ബി.ജെ.പി നേതാവാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി എം.എൽ.എ അതിഷി ട്വീറ്റ് ചെയ്തു. ബി.ജെ.പി സ്ഥാനാർഥി സംഗീത ബജാജിനായി ഇയാൾ പ്രവർത്തിച്ചിരുന്നുവെന്നും ബി.ജെ.പിയിൽ പ്രധാന റോൾ വഹിക്കുന്നുണ്ടെന്നും ഇയാൾ ബി.ജെ.പി പരിപാടിയിൽ പങ്കെടുത്ത നിരവധി ഫോട്ടോകൾ സഹിതം പോസ്റ്റ് ചെയ്ത ട്വിറ്റർ കുറിപ്പിൽ അതിഷി ചൂണ്ടിക്കാട്ടി. ബി.ജെ.പിയാണ് കലാപം നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ബി.ജെ.പി ഡൽഹിയിലെ ജനങ്ങളോട് മാപ്പു പറയണമെന്നും അതിഷി ആവശ്യപ്പെട്ടു.


ആം ആദ്മി പാർട്ടി ഡൽഹി ഘടകവും അൻസാറിന്‍റെ ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടി രംഗത്തെത്തി. സംഘർഷത്തിന്‍റെ ബുദ്ധികേന്ദ്രമാണ് അൻസാറെന്നും ബി.ജെ.പി നേതാവായ ഇയാളുടെ നേതൃത്വത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഹനുമാൻ ജയന്തി ദിനത്തിലെ സംഘർഷമെന്നും ആപ്പ് ആരോപിച്ചു.


അതേസമയം, അൻസാർ ആം ആദ്മി പാർട്ടിക്കാരനാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ബി.ജെ.പി നേതാവ് മനോജ് തിവാരി ഇക്കാര്യം ട്വീറ്റ് ചെയ്തു 'ജഹാംഗീർപുരി അക്രമത്തിന്‍റെ ബുദ്ധികേന്ദ്രമായ അൻസാർ എ.എ.പി പ്രവർത്തകനാണ്. 2020ൽ ഡൽഹി കലാപത്തിന്‍റെ സൂത്രധാരനായ താഹിർ ഹുസൈൻ ആം ആദ്മി കൗൺസിലറായിരുന്നു. കലാപ ഫാക്ടറി നടത്തുകയാണോ പാർട്ടി? ഡൽഹിയിലെ അനധികൃത കുടിയേറ്റക്കാർ വലിയ പ്രശ്നമാണെന്ന് എല്ലാവർക്കുമറിയാം. ആപ്പിന് അവരോട് മൃദുസമീപനമാണ്. ഡൽഹിയിൽ എപ്പോൾ സംഘർഷമുണ്ടായാലും അതിന് പിന്നിൽ ആം ആദ്മി പാർട്ടി ബന്ധമുള്ളവരാണ്. ഇതിനെ കുറിച്ച് അന്വേഷണം നടക്കേണ്ടിയിരിക്കുന്നു' -മനോജ് തിവാരി ട്വീറ്റ് ചെയ്തു.


ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ 16ന് ജഹാംഗീർപുരിയിൽ മൂന്ന്‌ ഘോഷയാത്രയാണ്‌ നടന്നത്‌. അനുമതിയില്ലാതെ പള്ളിയുള്ള വഴിയിലൂടെ വൈകീട്ട്‌ നടത്തിയ മൂന്നാം ഘോഷയാത്രയാണ്‌ സംഘർഷത്തിലെത്തിയത്‌.


സംഭവത്തിൽ രണ്ടു കുറ്റപത്രങ്ങളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. നോമ്പുതുറയോടനുബന്ധിച്ച്‌ ബാങ്കുവിളിച്ചപ്പോൾ ബജ്‌റംഗ്‌ദൾ, വി.എച്ച്‌.പി നേതാക്കളായ പ്രേം ശർമ, ബ്രഹ്മപ്രകാശ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കുനേരെ തിരിഞ്ഞു. ഇതിനെ പ്രതിരോധിക്കുന്നതിനിടെ ന്യൂനപക്ഷ യുവാക്കളോട്‌ കല്ലും കുപ്പിയുമെറിയാൻ അൻസാർ നിർദേശിച്ചതോടെ വൻ സംഘർഷമായി മാറി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും അക്രമികളെ സഹായിച്ചെന്ന ആരോപണമുണ്ട്‌. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 24 പേരെയാണ് അക്രമങ്ങളിൽ അറസ്റ്റ് ചെയ്തത്. ഇതിൽ അഞ്ച് പേർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുക‍യും ചെയ്തു. അറസ്റ്റിലായവരിൽ എട്ട് പേർ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരും ബാക്കിയുള്ളവർ മുസ്ലിം വിഭാഗക്കാരുമാണെന്ന് പൊലീസ് പറഞ്ഞു.

വി.എച്ച്.പി, ബജ്റംഗ്ദൾ, അവരുടെ ഓഫിസ് ജീവനക്കാർ എന്നിവർക്കെതിരെ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിനാണ് കേസെടുത്തത്. ഇതിനെ തുടർന്ന് പൊലീസിനെതിരെ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത് വന്നിരുന്നു. സംഘർഷത്തിൽ തങ്ങളുടെ പ്രവർത്തകർക്കെതിരെ നടപടിയുണ്ടായാൽ ഡൽഹി പൊലീസിനെതിരെ യുദ്ധം തുടങ്ങുമെന്ന് വി.എച്ച്.പി മുന്നറിയിപ്പ് നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. എഫ്.ഐ.ആർ പിന്നീട് പൊലീസ് തന്നെ പിൻവലിക്കുകയും വി.എച്ച്.പി, ബജ്രംഗ്ദൾ എന്നീ സംഘടനകളുടെ പേരില്ലാതെ പുതിയ റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു.

പ്രധാന കുറ്റാരോപിതനായ 42കാരനായ അൻസാർ മനപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നോ മറ്റാരുടെയെങ്കിലും നിർദേശപ്രകാരം പ്രവർത്തിക്കുകയായിരുന്നോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ തോക്ക് കൈയിലേന്തി നിൽക്കുന്നതും ആഭരണങ്ങളും പണവും കൈയിലേന്തി നിൽക്കുന്നതുമായി ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ചൂതാട്ടം, ആയുധനിയമം, സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഇയാൾക്കെതിരെ നേരത്തെ കേസുണ്ട്. നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ആക്രിക്കച്ചവട ഡീലറാണ്. മയക്കുമരുന്ന് കടത്തും ചൂതാട്ടവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ഇയാൾ വൻ സമ്പാദ്യമുണ്ടാക്കിയെന്ന് പൊലീസ് പറയുന്നു.


(അൻസാർ)

ശോഭായാത്ര നടക്കുന്നതിനെ കുറിച്ച് അൻസാറിന് ഏപ്രിൽ 15ന് തന്നെ വിവരം ലഭിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. ശോഭായാത്ര നടന്ന ദിവസം പള്ളിക്കുള്ളിൽ നിന്ന് അൻസാറിന്‍റെ ഫോണിലേക്ക് വിളിയെത്തിയതായും അതിന് തൊട്ടുപിന്നാലെ ഇയാളും കൂട്ടാളികളും സ്ഥലത്തെത്തി പ്രകോപനം സൃഷ്ടിക്കാൻ ആരംഭിച്ചതായും പൊലീസ് പറയുന്നു. അൻസാറിന്‍റെ ഈ നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.



ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി വസ്തുതാന്വേഷണ റിപ്പോർട്ട്

ജഹാംഗീർപുരി വർഗീയസംഘർഷത്തിൽ ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. 'തോക്കുകളും വാളുകളും മറ്റു ആയുധങ്ങളുമേന്തിയ 200 പേർ പ്രകോപന മുദ്രാവാക്യങ്ങളുമായി ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകിയെന്നും വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിച്ചപ്പോൾ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സി.പി.എം, സി.പി.ഐ അടക്കമുള്ള ഏഴ് ഇടതുപക്ഷ സംഘടനകളും ഒരുകൂട്ടം അഭിഭാഷകരും ചേർന്ന് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വർഗീയ സംഘർഷം നടന്ന സമയത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആദേഷ് ഗുപ്തയും ഹൻസ്രാജ് ഹൻസ് എം.പിയും പൊലീസ് സ്റ്റേഷനിൽ വാർത്താസമ്മേളനം നടത്തിയത് ഞെട്ടിച്ചുവെന്നും വസ്തുതാന്വേഷണ സംഘം പറഞ്ഞു.

ജഹാംഗീർപുരി സംഘർഷത്തിൽ ഇരുസമുദായങ്ങളിൽനിന്നുള്ളവരെയും അറസ്റ്റ് ചെയ്തുവെന്നും ഇരുകൂട്ടർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡൽഹി പൊലീസ് പറഞ്ഞു. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് വിശദീകരണം. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന പറഞ്ഞു. കുറ്റവാളിയെന്ന് കാണുന്ന ഏത് വ്യക്തിയെയും ജാതിയും മതവും സമുദായവും വർഗവും നോക്കാതെ പിടികൂടുമെന്നും രാകേഷ് അസ്താന പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jahangirpuri violence
News Summary - On Delhi Violence Main Accused, AAP, BJP Trade Allegations
Next Story