ദസറക്ക് മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കർഷകർ
text_fieldsന്യൂഡൽഹി: രാവണനെ കത്തിക്കുന്ന പരമ്പരാഗത രീതി അനുകരിച്ച് ദസറക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കുത്തക വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരുടെയും കോലം കത്തിച്ച് പഞ്ചാബിലെ കർഷകർ.
കാർഷിക മേഖലയിൽ കൊണ്ടുവന്ന വിവാദ നിയമങ്ങളോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാൻ യൂനിയെൻറയും മറ്റും ആഭിമുഖ്യത്തിൽ നടന്നത്.
ഭട്ടിൻഡ, സംഗ്രൂർ, ബർണാല, മലർകോട്ല തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇങ്ങനെ കോലം കത്തിച്ചു.
പ്രധാനമന്ത്രിയോട് കർഷകർക്ക് ഇത്തരത്തിൽ രോഷം തോന്നുന്നത് സങ്കടകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.
ഇത് രാജ്യത്തിന് ദോഷം ചെയ്യുന്ന അപകടകരമായ സംഭവമാണ്. കർഷകരെ കേൾക്കാനും സാന്ത്വനം നൽകാനും പ്രധാനമന്ത്രി അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
കർഷക സമരം ഒത്തുതീർക്കാൻ കഴിഞ്ഞയാഴ്ച കേന്ദ്രം കഴിഞ്ഞ ദിവസം സമര പ്രതിനിധികളെ ചർച്ചക്ക് ഡൽഹിയിലേക്ക് വിളിച്ചിരുന്നു. എന്നാൽ കൃഷിമന്ത്രിക്കു പകരം ഉദ്യോഗസ്ഥനാണ് ചർച്ചയിൽ പങ്കെടുക്കാൻ എത്തിയതെന്നു കണ്ട സമര നേതാക്കൾ യോഗം ബഹിഷ്കരിച്ചു.
കേന്ദ്രം കൊണ്ടുവന്ന നിയമത്തിന് ബദൽ നിയമനിർമാണം പഞ്ചാബ് നിയമസഭ പാസാക്കിയത് കഴിഞ്ഞ ദിവസമാണ്.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ബദൽ നിയമം കൊണ്ടുവരാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഈ മാസം 31ന് വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.