കൊളീജിയം രാജ്യത്തെ നിയമപ്രകാരമുള്ള സംവിധാനമാണ്, അത് അംഗീകരിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കൊളീജിയം സംവിധാനം രാജ്യത്തിന്റെ നിയമമാണെന്നും കഴിയുന്നിടത്തോളം അത് അനുവർത്തിക്കണമെന്നും സുപ്രീംകോടതി. സമൂഹത്തിലെ ഒരു വിഭാഗം കൊളീജിയത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതി രാജ്യത്തിന്റെ നിയമ സംവിധാനത്തെ ഇല്ലാതാക്കാനാവില്ല. സർക്കാറിന്റെ ഭാഗമായുള്ളവർ കൊളീജിയം സംവിധാനത്തിനെതിരെ നല്ല രീതിയിലല്ല പരാമർശം നടത്തുന്നത്. നിങ്ങൾ അവരെ ഉപദേശിക്കേണ്ടതുണ്ട് -സുപ്രീംകോടതി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയോട് പറഞ്ഞു.
കോടതി പുറപ്പെടുവിക്കുന്ന നിയമങ്ങൾ എല്ലാവർക്കും ബാധകമാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
നിയമ നിർമാണത്തിനുള്ള അവകാശം പാർലമെന്റിനാണ്. എന്നാൽ അതിനെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ട്. കോടതി പുറപ്പെടുവിക്കുന്ന നിയമങ്ങൾ പാലിക്കണം. ഇല്ലെങ്കിൽ ജനങ്ങൾ അവർക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യും -സുപ്രീംകോടതി വ്യക്തമാക്കി.
കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നത് കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നതു സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യവെയാണ് കോടതിയുടെ പരാമർശമുണ്ടായതത്. വിഷയം കേന്ദ്ര സർക്കാറുമായി ചർച്ച ചെയ്യാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി കേസ് മാറ്റിവെച്ചു.
ജഡ്ജിമാരെ നിയമിക്കുന്നതിൽ കാലതാമസം വരുത്തുന്നതിന് കേന്ദ്ര സർക്കാറിനെതിരെ നവംബർ 28ന് സുപ്രീംകോടതി രൂക്ഷവിമർശനമാണ് ഉയർത്തിയിരുന്നത്. നിയമം നിലനിൽക്കുന്നിടത്തോളം അത് പാലിക്കാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ജുഡീഷ്യൽ തീരുമാനം സ്വീകരിക്കാൻ നിർബന്ധിതരാക്കരുതെന്നും കോടതി കേന്ദ്ര സർക്കാറിന് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.