Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2022 12:41 PM IST Updated On
date_range 13 Oct 2022 12:41 PM ISTഹിജാബ് കേസിലെ ഭിന്ന വിധി; 10 പോയിന്‍റുകൾ
text_fieldsbookmark_border
ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിലക്കിനെ ചോദ്യംചെയ്തുള്ള ഹരജികളിൽ വ്യത്യസ്ത വിധികളാണ് ജസ്റ്റിസ് സുധാൻഷു ധുലിയ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്ക് ശരിവെച്ച ഹൈകോടതി വിധി റദ്ദാക്കിയപ്പോൾ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് ശരിവെക്കുകയായിരുന്നു. കേസ് ഇനി വിശാല ബെഞ്ചിന്‍റെ പരിഗണനക്ക് വിടും.
കോടതി വിധിയിലെ 10 പോയിന്‍റുകൾ
1. 'വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയം മാത്രമാണിത്. ആകെ കൂടി എന്റെ മനസിലെ വിഷയം പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്' -ജസ്റ്റിസ് സുധാൻഷു ധുലിയ.
2. കർണാടക ഹൈകോടതി വിധിയെ അനുകൂലിക്കുന്നുവെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത. ബെഞ്ചിലെ വിധികളിൽ ഭിന്നതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 11 ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും തയാറാക്കിയാണ് ജസ്റ്റിസ് ഗുപ്ത ഹരജി തള്ളാനുള്ള തീരുമാനത്തിലെത്തിയത്.
3. കഴിഞ്ഞ മാർച്ച് 15നാണ് ഹിജാബ് വിലക്കിനെതിരായ ഹരജികൾ കർണാടക ഹൈകോടതി തള്ളിയത്. തുടർന്നാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
4. ഹിജാബ് ഇസ്ലാമിൽ അനിവാര്യമായ മതാചാരമാണോയെന്ന, നേരത്തെ ഹൈകോടതി പരിശോധിച്ച അതേ ചോദ്യമാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ ചോദ്യങ്ങളിലൊന്ന്. ഹിജാബ് വിലക്കിയ സർക്കാർ ഉത്തരവ് മൗലികാവകാശ ലംഘനമാണോയെന്നതായിരുന്നു മറ്റൊരു ചോദ്യം. ഇവയുടെ ഉത്തരങ്ങൾ ഹരജിക്കാർക്ക് എതിരാണെന്ന് ജസ്റ്റിസ് ഗുപ്ത വിധിച്ചു.
5. ഭിന്നവിധിയുണ്ടായതോടെ ഹരജികൾ വിശാല ബെഞ്ചിന്‍റെ പരിഗണനക്കായി ചീഫ് ജസ്റ്റിസിന് മുന്നിലേക്ക് വിടുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി.
6. കർണാടകയിൽ കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ബി.ജെ.പി സർക്കാർ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയത്. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി കർണാടക മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. എന്നാൽ, ഇന്ന് അന്തിമ വിധി പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴും സർക്കാറിന്‍റെ ഹിജാബ് നിരോധനം തന്നെയാണ് കാമ്പസുകളിൽ നിലനിൽക്കുന്നത് -ബി.സി. നാഗേഷ് പറഞ്ഞു.
7. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പി പ്രീ-യൂണിവേഴ്സിറ്റി കോളജിലെ മുസ്ലിം വിദ്യാർഥിനികൾ സമർപ്പിച്ച ഹരജികൾ മാർച്ച് 15ന് കർണാടക ഹൈകോടതി തള്ളുകയായിരുന്നു.
8. ക്ലാസ് മുറിക്കകത്ത് ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യം, ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന് കോടതി വിലയിരുത്തി.
9. സുപ്രീംകോടതി 10 ദിവസമെടുത്ത് വാദം കേട്ട ശേഷമാണ് ഇന്ന് ഭിന്ന വിധി പുറപ്പെടുവിച്ചത്. സെപ്റ്റംബർ 22 വരെ കോടതി വാദം കേട്ടു.
10. ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് തടയുന്നത് മുസ്ലിം വിദ്യാർഥിനികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്നും ഇത് ഇവരുടെ വിദ്യാഭ്യാസ ഉന്നമനത്തെ വൻതോതിൽ ബാധിക്കുമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ, കർണാടക സർക്കാറിന്‍റെ ഉത്തരവ് മതനിരപേക്ഷമാണെന്നും ഏതെങ്കിലും മതത്തെ ഉദ്ദേശിച്ചല്ലെന്നുമാണ് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story