'രാജ്യം ഞങ്ങൾക്ക് കുടുംബം, അതിനായാണ് പോരാട്ടം'; മോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം കുടുംബത്തിന് വേണ്ടിയാണെന്ന മോദിയുടെ വിമർശനത്തിനാണ് ഉദ്ധവിന്റെ മറുപടി. ഈ രാജ്യം ഞങ്ങളുടെ കുടുംബമാണെന്നും അതിനായാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഇനി എന്ത് നടക്കുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. പേടിക്കണ്ട ഞങ്ങൾ ഇവിടെയുണ്ട് എന്ന് പറയാനാണ് ഈ യോഗം. ഒരു വ്യക്തിയോ പാർട്ടിയോ അല്ല രാജ്യം. മുഴുവൻ ജനങ്ങളും ഉൾക്കൊള്ളുന്നതാണ് രാജ്യമെന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം മുംബൈയിൽ നടക്കുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം കുടുംബം ആദ്യം രാജ്യം ഒന്നുമല്ല എന്നതാണെന്നും വ്യക്തിപരമായ നേട്ടങ്ങളിൽ മാത്രമാണ് അവർക്ക് താൽപര്യമെന്നും മോദി ആരോപിച്ചിരുന്നു.
ആന്തമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് െബ്ലയർ എയർപോർട്ടിൽ നിർമിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ്ങിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുന്നതിനിടെയായിരുന്നു അദ്ദേഹം പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനെതിരെ വിമർശനം ഉന്നയിച്ചത്. കടുത്ത അഴിമതിക്കാരാണ് യോഗം ചേരുന്നത്. അഴിമതി പ്രതിരോധിക്കാനാണ് പ്രതിപക്ഷം ഒന്നിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
‘കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ, ഞങ്ങൾ പഴയ സർക്കാറുകളുടെ തെറ്റുകൾ തിരുത്തുക മാത്രമല്ല, ആളുകൾക്ക് പുതിയ സൗകര്യങ്ങളും വഴികളും ഒരുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിൽ ഒരു പുത്തൻ വികസന മാതൃക വന്നിരിക്കുന്നു. ഇത് ചേർത്തു നിർത്തലിന്റെ മാതൃകയാണ്’, മോദി കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.