ആരാണിത് രൂപകൽപന ചെയ്തത്? ആദ്യമായി താജ്മഹൽ കണ്ടപ്പോൾ മുശർറഫ് ചോദിച്ചു
text_fieldsന്യൂഡൽഹി: ആരാണിത് രൂപകൽപന ചെയ്തത് എന്നായിരുന്നു ആദ്യമായി താജ്മഹൽ കണ്ടപ്പോൾ അന്തരിച്ച പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുശർറഫിന്റെ ചോദ്യം. ആദ്യ കാഴ്ചയിൽ തന്നെ താജ്മഹലിന്റെ സൗന്ദര്യത്തിൽ മുശർറഫ് മയങ്ങിപ്പോയി. ശർറഫിനെ കുറിച്ചുള്ള അനുസ്മരണ കുറിപ്പിൽ ചരിത്രകാരനായ കെ.കെ. മുഹമ്മദ് ആണ് ഇക്കാര്യം പങ്കുവെച്ചത്.
എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് മുശർറഫ് ഭാര്യ സേബക്കൊപ്പം പ്രണയകുടീരമായ താജ്മഹൽ കാണാൻ എത്തിയത്. ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തു. താജ്മഹലിന്റെ ചരിത്രം കേട്ട ശേഷം അംഗരക്ഷകരെയും നയതന്ത്രപ്രതിനിധികളെയും ഒഴിവാക്കി താജ്മഹലിന്റെ അകത്തളങ്ങളിൽ ഇരുവരും പതിനഞ്ചുമിനിറ്റിലേറെ ചെലവഴിച്ചു.
താജ്മഹലിന്റെ നിർമിതിയെ കുറിച്ച് മുശർറഫിനെ നിരവധി സംശയങ്ങളുമുണ്ടായിരുന്നുവെന്ന് കെ.കെ. മുഹമ്മദ് ഓർക്കുന്നു. താജ്മഹലിന്റെ ആർക്കിടെക്റ്റ് ഉസ്താദ് അഹ്മദ് ലാഹോറി പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നതും മുശർഫിന് പുതിയ വിവരമായിരുന്നു.
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആഗ്ര ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മുശർറഫ് എത്തിയത്. അന്ന് മുശർറഫിന്റെ ഗൈഡായിരുന്നത് മുഹമ്മദ് ആയിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റീജ്യനൽ ഡയറക്ടറായിരുന്നു കെ.കെ. മുഹമ്മദ്. ഏതു സമയത്താണ് താജ്മഹൽ കാണാൻ കൂടുതൽ നല്ലതെന്നും മുശർഫ് ചോദിക്കുകയുണ്ടായി. 79ാം വയസിൽ ഞായറാഴ്ചയാണ് മുശർറഫ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.