‘കർണാടകയുടെ പരമാധികാരത്തിന് ഭീഷണിയാകാൻ അനുവദിക്കില്ല’ - സോണിയാ ഗാന്ധിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്
text_fieldsന്യൂഡൽഹി: കർണാടകയുടെ പരമാധികാരം സംബന്ധിച്ച ട്വീറ്റിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് നോട്ടീസ് അയച്ചു. കർണാടകയുടെ സൽപ്പേരിനും പരമാധികാരത്തിനും ഭീഷണിയാകാൻ ആരെയും അനുവദിക്കില്ലെന്ന് സോണിയാഗാന്ധിയെ ഉദ്ധരിച്ചുകൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിനെ തുടർന്നാണ് നോട്ടീസ്.
കർണാടകയിൽ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്ന വേളയിലാണ് സോണിയ ഈ അഭിപ്രായം പറഞ്ഞത്. തെരഞ്ഞെടുപ്പ് റാലിയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തപ്പോൾ കോൺഗ്രസ് സോണിയയെ ട്വീറ്റിൽ ഉദ്ധരിക്കുകയായിരുന്നു. മെയ് ആറിനാണ് ട്വീറ്റ് പോസ്റ്റ് ചെയ്തത്.
സോണിയ ഗാന്ധിയുടെ പരാമർശം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇത്തരമൊരു പ്രസ്താവന നടത്തിയ സോണിയാഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കർണാടകയുടെ പരമാധികാരം എന്ന പരാമർശം ഇന്ത്യയിൽ നിന്ന് കർണാടകയെ അടർത്തിമാറ്റാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ആരോപിച്ചിരുന്നു.
ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കേണ്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് പരാമർശമെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമീഷൻ മല്ലികാർജുൻ ഖാർഗെക്ക് നൽകിയ നോട്ടീസിലും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്.
ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ഐ.എൻ.സി ട്വിറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റ് സംബന്ധിച്ച് വ്യക്തത വരുത്താനും തിരുത്തൽ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെടുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.