ട്രാഫിക് സിഗ്നലിൽ ഓണം റീൽ ഷൂട്ട്; നടപടിയെടുക്കണമെന്ന് നെറ്റിസൺസ്
text_fieldsബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് സിഗ്നലിൽ ഓണം റീൽ ഷൂട്ട് നടത്തിയതിന് യുവാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തിൽ വിവാദം. തിരുവോണ ദിവസത്തിലാണ് ‘മലബാരി ബോയ്സ്’ എന്ന പേരിൽ ഒരുകൂട്ടം യുവാക്കൾ നഗരത്തിലെ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ റീൽ ഷൂട്ട് നടത്തിയത്. മലബാരി ബോയ്സ് ഫ്രം സൗത്ത് സൈഡ് എന്ന തലക്കെട്ടിൽ പങ്കുവെച്ച റീൽ ഇതിനകം ഏഴു ലക്ഷം പേർ കണ്ടുകഴിഞ്ഞു.
ഇതോടൊപ്പം എക്സിൽ ചൂടേറിയ ചർച്ചക്കും സംഭവം വഴിവെച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാരാണിത് ചെയ്തിരുന്നതെങ്കിൽ അവരിപ്പോൾ ജയിലിലായേനെയെന്നാണ് ഒരു എക്സ് ഉപഭോക്താവ് ബംഗളൂരു സിറ്റി ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് പറഞ്ഞത്. സീബ്ര ക്രോസിങ് തടസ്സപ്പെടുത്തിയതിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. നഗരത്തിൽ വർധിച്ചുവരുന്ന ട്രാഫിക് പ്രശ്നങ്ങൾക്കിടയിൽ ഇതൊരു മാതൃകയായി കണ്ട് കൂടുതൽ പേർ ഇത്തരത്തിൽ ഷൂട്ടിങ്ങിനിറങ്ങുമോയെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. അതേസമയം, സിഗ്നലിൽ ചുവപ്പ് ലൈറ്റ് കത്തിയ സമയത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് മുന്നിൽനിന്ന് റീലെടുത്തതിന് എന്തിനാണ് നടപടിയെടുക്കുന്നതെന്ന് ചോദിച്ച് മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ലെങ്കിൽ പിന്നെയെങ്ങനെ നടപടിയെടുക്കുമെന്നും അവർ ചോദിക്കുന്നു. ട്രാഫിക് സിഗ്നലിലെ ലൈറ്റ് ചുവപ്പായതുകൊണ്ടാണ് വാഹനങ്ങൾ നിർത്തിയിട്ടതെന്നും അല്ലെങ്കിൽ ബംഗളൂരുവിലുള്ള ആരും ഇത്ര ക്ഷമയോടെ കാത്തുനിൽക്കില്ലെന്നും സംഭവത്തെ അനുകൂലിച്ചുകൊണ്ട് ഒരു എക്സ് ഉപഭോക്താവ് പറയുന്നു. എന്തായാലും തിരുവോണ ദിനത്തിലെ റീൽ മേക്കിങ് എക്സിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.