‘മൻമോഹൻ സിങ് മഹാനാണ്’, അന്ന് ആക്രമിച്ച എ.എ.പി ഇപ്പോൾ പ്രകീർത്തിക്കുന്നു...
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ഗവണ്മെന്റ് ഓഫ് നാഷനൽ കാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ബിൽ ചർച്ചക്കിടെ രാജ്യസഭയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ബില്ലിന്റെ കരടു ഭേദഗതിക്കെതിരെ വോട്ടുചെയ്യാനായി വീൽ ചെയറിലാണ് അദ്ദേഹം സഭയിലെത്തിയത്. ആ സാന്നിധ്യം ഏറ്റവുമധികം സന്തോഷിപ്പിച്ചത് ആം ആദ്മി പാർട്ടിയെയാണ്. കാരണം, ബിൽ പാസായാൽ അത് ബാധിക്കുക ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന ആപ് സർക്കാറിനെയാണ്.
അരവിന്ദ് കെജ്രിവാളും രാഘവ് ഛദ്ദയുമടക്കം നിരവധി എ.എ.പി നേതാക്കളാണ് ഇപ്പോൾ ഡോ. സിങ്ങിനെ പ്രകീർത്തിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടത്. ചിലരാകട്ടെ, മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന നാളുകളിൽ അദ്ദേഹത്തെ പരിഹസിച്ചതിനും കുറ്റപ്പെടുത്തിയതിനുമൊക്കെ ഖേദപ്രകടനം നടത്താനും കൂടി ഈ അവസരം ഉപയോഗിച്ചു. 2014ന് മുമ്പ് അണ്ണാ ഹസാരെക്കൊപ്പം ചേർന്ന് കോൺഗ്രസിനും മൻമോഹൻ സിങ്ങിനുമെതിരെ പടനയിച്ച എ.എ.പിയാണ് ഇപ്പോൾ അദ്ദേഹത്തെ അങ്ങേയറ്റം പ്രകീർത്തിക്കുന്നത്.
‘ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ജിയും ഝാർഖണ്ഡ് മുക്തി മോർച്ച പ്രസിഡന്റ് ഷിബു സോറൻജിയും പാർലമെന്റിലെത്തി. ഇരുനേതാക്കന്മാർക്കും എല്ലാ ഡൽഹി നിവാസികളുടെയും പേരിൽ നന്ദി പറയുന്നു’ -ഡൽഹി മുഖ്യമന്ത്രിയും ആപ് കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.
‘ഇന്ന്, രാജ്യസഭയിൽ ഡോ. മൻമോഹൻ സിങ് ആത്മാർഥതയുടെ നിറദീപമായി നിൽക്കുകയായിരുന്നു. കരിനിയമത്തിനെതിരെ വോട്ട് ചെയ്യാനായി അദ്ദേഹം സഭയിലെത്തിയത് അതിന്റെ തെളിവാണ്. ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത അഗാധമായ പ്രചോദനമാണ് നൽകുന്നത്. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത പിന്തുണയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു’ -എ.എ.പി എം.പി രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു. തന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ അവഗണിച്ചും രാജ്യസഭയിലെത്തിയ മൻമോഹൻ സിങ്ങിനോട് എ.എ.പി അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കുമെന്ന് അക്ഷയ് മറാത്തെയും പോസ്റ്റ് ചെയ്തു.
‘പ്രിയ മൻമോഹൻ സിങ് ജീ...2014ന് മുമ്പ് നിങ്ങളെ കളിയാക്കിയതിന് ഇപ്പോൾ ഖേദം പ്രകടിപ്പിക്കുന്നു. നിങ്ങൾ രാജ്യത്തിന്റെ മഹാനായ പ്രധാനമന്ത്രിയായിരുന്നു. ഇന്ന് രാജ്യസഭയിലെത്തിയത് ഈ രാജ്യത്തോട് എന്തുമാത്രം കൂറുള്ളയാളാണ് താങ്കളെന്നതിന്റെ തെളിവാണ്. ബി.ജെ.പി നേതാക്കൾ നിങ്ങളിൽനിന്ന് ചിലതെങ്കിലും പഠിച്ചിരുന്നെങ്കിലെന്ന് എന്ന് ഞാൻ ആഗ്രഹിക്കുന്നു’ -ഒരു എ.എ.പി ഹാൻഡിലിൽ ഇപ്രകാരമായിരുന്നു പോസ്റ്റ്. പണ്ട് അണ്ണാ ഹസാരെക്കൊപ്പം ചേർന്ന് മൻമോഹൻ സിങ്ങിനെയും കോൺഗ്രസിനെയും തോൽപിക്കാൻ പണിയെടുത്തതിന്റെ ‘കഥകൾ’ ഇതിനിടയിൽ കമന്റായി പലരും ഈ ട്വീറ്റുകൾക്കടിയിൽ പോസ്റ്റുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.