1500 രൂപക്ക് മക്ഡോണാൾഡ്സിൽ ക്ലീനിങ് ജോലി ചെയ്തിട്ടുണ്ട്; പഴയകാലം ഓർത്തെടുത്ത് സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: ലോകപ്രശസ്ത റീടെയിൽ ഭക്ഷ്യശൃഖലയായ മക്ഡോണാൾഡിൽ പ്രതിമാസം 1500 രൂപക്ക് ജോലി ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നീൽ മിശ്രയുമായുള്ള അഭിമുഖത്തിലാണ് സ്മൃതി ഇറാനിയുടെ വെളിപ്പെടുത്തൽ. മിസ് ഇന്ത്യ മത്സരത്തിന് തനിക്ക് സെലക്ഷൻ കിട്ടിയിരുന്നു. പക്ഷേ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒരു ലക്ഷം രൂപ ആവശ്യമായി വന്നു. പിതാവ് ഒരു ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചു. പക്ഷേ വ്യവസ്ഥയോടെയായിരുന്നു ഇത്.
ഒരു ലക്ഷം രൂപ കടമായിട്ടായിരിക്കും നൽകുക. അത് പലിശയടക്കം തിരിച്ച് തരണം. അതിന് കഴിഞ്ഞില്ലെങ്കിൽ താൻ നിശ്ചയിക്കുന്ന വിവാഹത്തിന് സമ്മതിക്കണമെന്നായിരുന്നു പിതാവിന്റെ വ്യവസ്ഥ. ലഭിച്ച സമ്മാനങ്ങൾ വിറ്റ് 60,000 രൂപ തിരികെ നൽകി. ബാക്കി തുക കൊടുക്കുന്നതിനായി ചില ജോലികൾ നോക്കി. പരസ്യങ്ങൾ ചെയ്തെങ്കിലും ആവശ്യത്തിന് വരുമാനം ലഭിച്ചില്ല. ഒടുവിൽ മക്ഡോണാൾഡ്സിൽ ജോലിക്ക് അപേക്ഷിക്കുകയായിരുന്നു. അവിടെ ക്ലീനിങ് ജോലി മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
ക്ലീനിങ് ജോലിക്ക് ഒരു മാസം 1500 രൂപയായിരുന്നു ശമ്പളം. ആഴ്ചയിൽ ആറ് ദിവസവും ജോലിയുണ്ടായിരുന്നു. ഒരു ദിവസമായിരുന്നു അവധി. ആഴ്ചയിലെ ഒരു അവധി ദിവസത്തിൽ താൻ ഓഡിഷനുകൾക്ക് പോകുമായിരുന്നു. ഒടുവിൽ തനിക്ക് സ്റ്റാർ പ്ലസ് ഷോയിലെ തുളസിയെന്ന കഥാപാത്രം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.