കോവിഡ് പ്രതിസന്ധി: നാലിലൊരാൾക്ക് ജോലി നഷ്ടപ്പെടും
text_fieldsന്യൂഡൽഹി: കോവിഡ് രോഗം മൂലമുണ്ടായ ലോക് ഡൗണും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മൂലം ഇന്ത്യയിൽ ഏപ്രിൽ മെയ് മാസങ്ങളിലായി നാലിലൊരാൾക്ക് ജോലി നഷ്ടമാകുമെന്ന് കണക്കുകൾ. തൊഴിലില്ലായ്മ രാജ്യത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് ഇക്കണോമിക് തിങ്ക് ടാങ്ക് സി.എം.ഐ.ഇ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
മാർച്ചിനും ഏപ്രിലിനും ഇടയിൽ 114 ദശലക്ഷം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. മെയ് മൂന്നിന് ശേഷമുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ദിനങ്ങൾ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണെന്നും സി.എം.ഐ.ഇ സി.ഇ.ഒ മഹേഷ് വ്യാസ് പറഞ്ഞു. ലോക് ഡൗൺ നീട്ടുന്നത് പ്രശ്നം ഇനിയും രൂക്ഷമാക്കും.
കൃഷിസംബന്ധമായ ജോലികൾക്ക് മുടക്കം വരാത്തതിനാൽ ഗ്രാമപ്രദേശങ്ങളിൽ നഗരങ്ങളിലേതു പോലെ തൊഴിൽ നഷ്ടം ഉണ്ടായിട്ടില്ല. എന്നാൽ കർഷകരുടെ മൊത്തം വരുമാനത്തെ ലോക്ഡൗൺ സാരമായി ബാധിച്ചിട്ടുണ്ട്.
ഏപ്രിലിൽ ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ നിരക്ക് 23.5 ശതമാനമായി ഉയർന്നു. വലിയ സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ നിരക്കും കൂടുതലാണ്. തമിഴ്നാട്ടിൽ 49.8 ശതമാനം, ഝാർഖണ്ഡിൽ 47.1 ശതമാനം, ബിഹാറിൽ 46.6 എന്നിങ്ങനെയാണ് കൂടിയ നിരക്കെങ്കിൽ പഞ്ചാബിൽ 2.9 ശതമാനം, ഛത്തീസ്ഗഡ് 3.4 ശതമാനം, തെലങ്കാന 6.2 ശതമാനം എന്നിങ്ങനെയാണ് കുറഞ്ഞ നിരക്ക്.
മാസശമ്പളക്കാരിൽ തന്നെ 38 ശതമാനവും യാതൊരു തൊഴിൽ സുരക്ഷിതത്വമില്ലാതെയാണ് ജോലി ചെയ്യുന്നത്. ശമ്പളമുള്ള അവധിയോ സാമൂഹ്യ സുരക്ഷാ പദ്ധതികളോ ഇവർക്ക് ലഭ്യമല്ലാത്ത ഇവർക്ക് സാധുതയുള്ള തൊഴിൽ കരാറുകളുമില്ല. ഇത്തരക്കാരുടെ ജീവിതത്തിൽ ലോക്ഡൗൺ കനത്ത ആഘാതമാണ് സൃഷ്ടിക്കുക. ദാരിദ്ര്യമാണ് വരുംദിവസങ്ങളിൽ ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലി പ്രതിസന്ധിയെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.