ബംഗാൾ ബി.ജെ.പിയിൽ അഭിപ്രായഭിന്നത; എം.പിയും എം.എൽ.എമാരും സംസ്ഥാന അധ്യക്ഷൻ വിളിച്ച യോഗം ബഹിഷ്കരിച്ചു
text_fieldsകൊൽക്കത്ത: ബി.ജെ.പി പശ്ചിമ ബംഗാൾ ഘടകത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്ന് പാർട്ടിയുടെ എം.പിയും മൂന്ന് എം.എൽ.എമാരും വിട്ടുനിന്നു. ബൊംഗോൺ എം.പി ശാന്തനു താക്കൂർ, ബിസ്വജിത് ദാസ് (ബാഗ്ദ), അശോക് കീർത്താനിയ (ബൊംഗാവോൺ ഉത്തർ), സുബ്രത താക്കൂർ (ഗൈഗട്ട) എന്നിവരാണ് നോർത്ത് 24 പർഗാനയിൽ ചേർന്ന ജില്ലാ സംഘടനാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എയും പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയിയും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിവന്ന ദിവസമാണ് ജില്ലാ യോഗം ചേർന്നത്. ബംഗാളിൽ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുമെന്ന ബി.ജെ.പി നിലപാടിൽ ദീർഘനാളായി വിയോജിക്കുന്ന ശാന്തനു താക്കൂർ, സംസ്ഥാനത്ത് സ്വാധീനമുള്ള മാതുവ സമുദായത്തിലെ നേതാവാണ്.
എം.പിയും എം.എൽ.എമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നതിനെ നിസാരവൽക്കരിക്കുന്ന പ്രതികരണമാണ് ദിലീപ് ഘോഷ് നടത്തിയത്. പാർട്ടി മണ്ഡല അധ്യക്ഷന്മാരുടെയും ജില്ലാ പ്രവർത്തകരുടെയും കൂടിക്കാഴ്ചയാണ് നടന്നത്. എം.പി അടക്കമുള്ളവരെ ക്ഷണിച്ചിരുന്നു. എന്നാൽ, എം.പി ഡൽഹിക്ക് പോയതായാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിൽ ചേർന്ന തൃണമൂൽ നേതാവ് രാജീബ് ബാനർജി, കഴിഞ്ഞ ദിവസം ദിലീപ് ഘോഷ് അധ്യക്ഷതയിൽ കൊൽക്കത്തയിൽ ചേർന്ന നിർണായക യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
ബംഗാളിൽ ആദ്യമായി തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയ് കഴിഞ്ഞ ദിവസം തൃണമൂലിലേക്ക് തന്നെ മടങ്ങിയിരുന്നു. ആഴ്ചകളായി നിലനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് മകൻ ശുഭ്രാൻഷുവിനൊപ്പം തൃണമൂൽ ആസ്ഥാനത്തെത്തി റോയ് പാർട്ടിയിൽ പുനഃപ്രവേശനം നടത്തിയത്.
2017ൽ ആണ് റോയ് ബി.ജെ.പിയിൽ ചേക്കേറിയത്. പിന്നാലെ നിരവധി നേതാക്കൾ തൃണമൂൽ വിട്ടിരുന്നു. തൃണമൂലിന്റെ സ്ഥാപകാംഗമായ മുകുൾ റോയി രാജിവെക്കുമ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു. മമതയുടെ ബന്ധു അഭിഷേക് ബാനർജിയാണ് ഇപ്പോൾ ഈ പദവിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.