ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: എട്ടംഗ സമിതിയുടെ ഏഴ് പരിഗണനാവിഷയങ്ങൾ ഇവ
text_fields1. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നകാര്യം ഇന്ത്യൻ ഭരണഘടനക്കും നിയമവ്യവസ്ഥക്കും അകത്തുനിന്നുകൊണ്ട് പരിശോധിക്കുക. അതിനായി ഭരണഘടനയിലും 1950ലെയും 1951ലെയും ജനപ്രാതിനിധ്യ നിയമത്തിലും ചട്ടങ്ങളിലും വരുത്തേണ്ട ഭേദഗതികൾ നിർദേശിക്കുക. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിന് മറ്റേതെങ്കിലും നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തേണ്ടതുണ്ടോ എന്നകാര്യവും അറിയിക്കുക.
2. ഇതിനായുള്ള ഭരണഘടനാഭേദഗതികൾ സംസ്ഥാന നിയമസഭകൾ പാസാക്കേണ്ടതുണ്ടോ എന്നകാര്യം ശിപാർശ ചെയ്യുക
3. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുമ്പോൾ തൂക്കുസഭ, അവിശ്വാസപ്രമേയം, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ സാധ്യമായ പരിഹാരം ശിപാർശ ചെയ്യുക.
4. ലോക്സഭ തെരഞ്ഞെടുപ്പും മുഴുവൻ നിയമസഭ തെരഞ്ഞെടുപ്പുകളും ഒരുമിച്ചുനടത്താനാവില്ലെങ്കിൽ ബദൽ സമ്പ്രദായം നിർദേശിക്കുക. അതിനായി ഭരണഘടനയിലും നിയമത്തിലും ചട്ടങ്ങളിലും വരുത്തേണ്ട ഭേദഗതികളും നിർദേശിക്കുക.
5. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് തുടർന്നുകൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നിർദേശിക്കുക. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് തടസ്സപ്പെടാതിരിക്കാൻ ഭരണഘടനയിൽ വരുത്തേണ്ട ഭേദഗതികൾ ശിപാർശ ചെയ്യുക.
6. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ മനുഷ്യവിഭവവും വോട്ടുയന്ത്രങ്ങൾ, വിവിപാറ്റുകൾ മുതലായ സന്നാഹവും പരിശോധിക്കുക.
7. ലോക്സഭ, നിയമസഭ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ എന്നിവ ഒരേയോരു വോട്ടർപട്ടികയും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് നടത്താൻ ക്രമീകരണം നിർദേശിക്കുക.
കേന്ദ്രസമിതിക്കെതിരെ കോൺഗ്രസ്
ന്യൂഡൽഹി: ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിന് കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിലെ അട്ടിമറിയാണെന്ന് കെ.സി. വേണുഗോപാൽ. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ഉൾപ്പെടുത്താതെ മുൻ രാജ്യസഭ പ്രതിപക്ഷനേതാവിനെ ഉൾപ്പെടുത്തിയത് പാർലമെന്റിനോടുള്ള നിന്ദയാണ്. ഖാർഗെയെ ഉൾപ്പെടുത്താതിരിക്കാൻ കാരണമെന്താണെന്ന് അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.