ഒന്നിൽനിന്ന് 25ലേക്ക്; കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ച് യു.പിയിലെ ഇൗ ഗ്രാമം
text_fieldsമീററ്റ്: ഷാജഹാൻപുരിലെ കസ്ബ ഗ്രാമത്തിൽ കഴിഞ്ഞമാസം വരെ കേവിഡ് 19 ഒരു വിദൂര യാഥാർഥ്യമായിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ തലയുയർത്തിനിന്ന കസ്ബക്ക് രണ്ടാംഘട്ടത്തിൽ അടിപതറി. ഏപ്രിൽ എട്ടിന് 46കാരനായ അസിം ഖാനിന്‍റെ മരണമായിരുന്നു ദുരന്തങ്ങളുടെ തുടക്കം.
ഡൽഹിയിൽനിന്ന് അഞ്ചുദിവസങ്ങൾക്ക് മുമ്പ് കസ്ബയിലെത്തിയതായിരുന്നു അദ്ദേഹം. വീട്ടിലെത്തിയതോടെ കടുത്ത പനി, ചുമ, ശരീരവേദന, ശ്വാസതടസം തുടങ്ങിയ കോവിഡ് രോഗലക്ഷങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ആരോഗ്യനില മോശമായതോടെ ഏപ്രിൽ ആറിന് ഗ്രാമത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള മീററ്റിലെ ആനന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രിയിലെത്തി ഒരു ദിവസത്തിന് ശേഷം അസിം മരണത്തിന് കീഴടങ്ങി.
അസിം ഖാനിന് പിന്നാലെ 57കാരനായ ഷുജാത് മന്ദ് ഖാനും രോഗ ബാധിതനായി മരിച്ചു. ഇതിനുപിന്നാലെ പിന്നാലെ കസ്ബ തൊട്ടടുത്ത ദിവസങ്ങളിലായി സാക്ഷ്യം വഹിച്ചത് 25 മരണങ്ങൾക്കായിരുന്നു. മരിച്ചവരാകട്ടെ ഒരു കുടുംബത്തിൽനിന്നുള്ളവരും അയൽവാസികളും അടുത്ത ബന്ധം പുലർത്തുന്നവരും. അസിമിനും ഷുജാതിനും പുറമെ മരിച്ചവരിൽ മറ്റാരുടെയും പരിശോധന നടത്താത്തതിനാൽ കോവിഡ് മരണത്തിൽ പോലും അവ ഉൾപ്പെട്ടില്ലെന്ന് നാട്ടുകാരിലൊരാളായ ഷാനു ഖാൻ 'ദ പ്രിൻറി'നോട് പറഞ്ഞു.
കസ്ബ നിവാസികൾ പരിശോധനയോട് കാണിക്കുന്ന വിമുഖതയാണ് ഇതിന് കാരണമെന്നാണ് ഷാജഹാൻപുരിലെ ഡോക്ടർമാരുടെ അഭിപ്രായം. പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞാൽ ആശുപത്രിയിൽ പോകേണ്ടിവരും. അത് വധശിക്ഷക്ക് തുല്യമായാണ് അവർ കരുതുന്നത്. അതിനാൽ തന്നെ രോഗലക്ഷണങ്ങളുണ്ടെങ്കിൽപോലും അവർ വീടുകളിൽ ചികിത്സ തേടുമെന്നും ഡോക്ടർമാർ പറയുന്നു.
എന്നാൽ ആരോഗ്യവിദഗ്ധർ കസ്ബ ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും പരിശോധനകൾ നടത്തുന്നില്ലെന്നുമായിരുന്നു ഗ്രാമവാസികളുടെ പ്രതികരണം. പരിശോധനക്ക് ശേഷം നാലുമുതൽ ആറുവരെ ദിവസങ്ങളെടുക്കും ഫലം പുറത്തുവരാൻ. ഇതിനാടകം രോഗബാധിതർ മരിച്ചിട്ടുണ്ടാകും. അതേസമയം പരിശോധന ഫലം വൈകുന്നുവെന്ന ആരോപണം പ്രദേശിക ഭരണകൂടം നിഷേധിച്ചു.
2011ൽ സെൻസസ് പ്രകാരം ഷാജഹാൻപുരിൽ 17,000മാണ് ജനസംഖ്യ. ഇതിൽ 80 ശതമാനവും മുസ്ലിം വിഭാഗവും. ഇതിൽ 60 ശതമാനവും അസിം ഖാനും ഷുജാതുമെല്ലാം ഉൾപ്പെട്ട പത്താൻ കുടുംബവും.
ഗ്രാമത്തിലെ ആദ്യ രോഗിയായ അസിമിൽനിന്നാകാം മറ്റുള്ളവരിലേക്ക് രോഗം പകർന്നതെന്നാണ് എല്ലാവരുടെയും വിലയിരുത്തൽ. അസിമിന് കോവിഡ് പോസിറ്റീവായതിന് ശേഷവും കുടുംബം മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും അസിമിന്‍റെ മൃതദേഹം കൈകാര്യം ചെയ്ത രീതിയും രോഗവ്യാപനത്തിന് ഇടയാക്കിയെന്ന് കരുതുന്നു. പൊതിഞ്ഞുവെച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് കുളിപ്പിക്കുകയും ശരീരവുമായി സമ്പർക്കം വന്നതുമെല്ലാം രോഗവ്യാപനത്തിന് ഇടയായതായാണ് ഡോക്ടർമാർ പറയുന്നത്.
ഒരു മാസത്തിനിടെ നിരവധി പേരിലേക്ക് രോഗം പടർന്നതോടെ ഗ്രാമവാസികൾ മുഴുവൻ ഭയത്തിന്‍റെ പിടിയിലാണെന്ന് ഡോ. മൊഹദ് യൂസുഫ് ഖാൻ പറയുന്നു. ഷാജഹാൻ പുരിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നും നിരവധി ആക്ടീവ് കേസുകളുണ്ടെന്നും ഡോ. അലോക് നായക് പറഞ്ഞു. സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് അദ്ദേഹം. രോഗബാധിതരിൽ ഭൂരിഭാഗവും പത്താൻ കുടുംബത്തിലുള്ളവരാണ്. അവർ ഒരിക്കലും ആശുപത്രിയിലെത്തി ചികിത്സ നേടാൻ തയാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആരോഗ്യപ്രവർത്തകരുടെ അലംഭാവമാണെന്നാണ് ഷാജഹാൻപുർ നിവാസികളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.