ഒഡിഷ ട്രെയിൻ അപകടത്തിൽ ഒരു മരണം; പരിക്കേറ്റവരിൽ രണ്ടു പേർ അസം സ്വദേശികൾ
text_fieldsഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്കിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരു മരണം. എട്ടു പേർക്ക് പരിക്കേറ്റു. ഇവരെ വിദഗ്ധ ചിക്തിസക്കായി ആശുപത്രിയിലേക്ക് മാറ്റി. ജില്ല മജിസ്‌ട്രേറ്റ് ദത്താത്രയ ഭൗസാഹേബ് ഷിൻഡെയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.
ട്രെയിൻ അപകടത്തിൽ അസമിൽ നിന്നുള്ള രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉദൽഗുരി സ്വദേശി വിൽസൺ ഡിഗൽ, ബക്‌സ സ്വദേശി അമിറാൻ നിഷ എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ, രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിലൂടെ അറിയിച്ചു.
ഒഡിഷയിലെ കട്ടക്കിൽവച്ച് എസ്.എം.വി.ടി ബംഗളൂരു-കാമാഖ്യ എക്സ്പ്രസിന്‍റെ 11 ബോഗികളാണ് പാളം തെറ്റിയത്. 11.45ഓടെ നെർഗുണ്ടി സ്റ്റേഷന് സമീപം മൻഗൗളിയിലാണ് സംഭവം. അപകടത്തെ കുറിച്ച് വിശദ അന്വേഷണത്തിന് നിർദേശം നൽകിയതായി ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു.
അപകടകാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് മൂന്ന് ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിട്ടു. കാമാഖ്യ എക്സ്പ്രസിലെ യാത്രക്കാരെ ഭുവനേശ്വരിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ റെയിൽവേ സജ്ജമാക്കിയിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഈസ്റ്റ്-കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫിസർ അശോക് കുമാറും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.