തരൂരിന് ഇരട്ടമുഖം, തെരഞ്ഞടുപ്പിൽ ക്രമക്കേടെന്ന ആരോപണത്തിന് രൂക്ഷ മറുപടിയുമായി മിസ്ത്രി
text_fieldsന്യൂഡൽഹി: ശശി തരൂർ ഇരട്ടമുഖമുള്ള വ്യക്തിയാണെന്ന് കോൺഗ്രസ്. പുതിയ പാർട്ടി അധ്യക്ഷനെ പ്രഖ്യാപിച്ചതിന് ശേഷമാണ് തരൂരിനെതിരെ രൂക്ഷമായ പ്രതികരണം പാർട്ടിയുടെ ഉന്നത വൃത്തങ്ങളിൽ നിന്നുണ്ടാകുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന തരൂരിന്റെ ആരോപണമാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്.
'നിങ്ങൾക്ക് രണ്ട് മുഖം ഉണ്ടെന്ന് പറയുന്നതിൽ വിഷമമുണ്ട്. ഞങ്ങളുടെ എല്ലാ മറുപടികളിലും സംതൃപ്തിയുണ്ടെന്ന് എന്നോട് പറഞ്ഞ ഒരു മുഖവും അതേസമയം, മാധ്യമങ്ങൾക്ക് മുന്നിൽ ഞങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന മറ്റൊരു മുഖവുമുണ്ട്' -തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മധുസൂദനൻ മിസ്ത്രി പറഞ്ഞു.
24 വർഷത്തിനിടെ ഗാന്ധി ഇതര കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്ത മല്ലികാർജുൻ ഖാർഗെ ശശി തരൂരിനെ വൻ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ഇന്നലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിൽ വിഷമിപ്പിക്കുന്ന വസ്തുതകൾ ഉണ്ടെന്നും സംസ്ഥാനത്തെ വോട്ടുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് സൽമാൻ സോസ് മിസ്ത്രിക്ക് കത്തെഴുതിയിരുന്നു. ന്യായമായ അന്വേഷണം നേതൃത്വം ഉറപ്പ് നൽകിയതിന് ശേഷമാണ് വോട്ടെണ്ണൽ തുടരാൻ സമ്മതിച്ചതെന്ന് സോസ് പിന്നീട് പറഞ്ഞിരുന്നു. ആഭ്യന്തരമായി നൽകിയ കത്ത് ചോർന്നതിൽ തരൂർ ഖേദം പ്രകടിപ്പിച്ചെങ്കിലും, കോൺഗ്രസ് ക്ഷമിച്ചില്ല.
'ഞങ്ങൾ നിങ്ങളുടെ ആവശ്യം അംഗീകരിച്ചു. എന്നിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് നിങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചു' മിസ്ത്രി പറഞ്ഞു.
'മുഴുവൻ സംവിധാനവും നിങ്ങളുടെ സ്ഥാനാർഥിക്ക് എതിരാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഒരു കുന്നിൽ നിന്ന് പർവ്വതം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും' മിസ്ത്രി ആരോപിച്ചു. വോട്ടെടുപ്പിൽ ക്രമക്കേടെന്ന തരൂരിന്റെ ആരോപണം സാങ്കൽപ്പികവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ പരിഷ്‌കാരവും വ്യക്തമായ നേതൃത്വവും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതി രണ്ട് വർഷത്തിന് ശേഷവും പാർട്ടിയിൽ തുടരുന്ന ചുരുക്കം ചില 'ജി-23' നേതാക്കളിൽ ഒരാളാണ് തരൂർ. ഗുലാം നബി ആസാദും കപിൽ സിബലും ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ പാർട്ടി വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.