സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം: 19കാരൻ അറസ്റ്റിൽ
text_fieldsഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് ബലാത്സംഗംചെയ്ത കേസിൽ അഞ്ചാമത്തെയാൾ അറസ്റ്റിൽ. 19കാരനാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ് ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. നേരത്തേ അറസ്റ്റിലായ നാലുപേരെ കോടതിയിൽ ഹാജരാക്കി 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്.
സമൂഹ മാധ്യമ വിഡിയോകളിലൂടെയുള്ള വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. വാർത്തകളുടെ നിജസ്ഥിതി അന്വേഷിച്ചറിയാൻ ഹെൽപ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. കൈവശമുള്ള ആയുധങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
അതിനിടെ, കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കണമെന്ന് മണിപ്പൂരിലെ നാഗ സംഘടനകൾ ആവശ്യപ്പെട്ടു. യുനൈറ്റഡ് നാഗ കൗൺസിൽ, ഓൾ നാഗ സ്റ്റുഡന്റ്സ് അസോസിയേഷൻ മണിപ്പൂർ, നാഗ പീപ്ൾസ് ഫ്രണ്ട് എന്നിവയാണ് ഈ ആവശ്യം ഉന്നയിച്ചത്.
സ്ത്രീകളെ ആക്രമിക്കുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതിനെ തുടർന്ന് അയൽസംസ്ഥാനമായ മിസോറമിൽ മെയ്തേയികൾക്കെതിരെ പ്രതിഷേധം ശക്തമായി. എല്ലാ മെയ്തേയികളും ഉടൻ സംസ്ഥാനം വിടണമെന്ന് പീസ് അക്കോഡ് എം.എൻ.എഫ് റിട്ടേണീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മിസോറമിലെ മെയ്തേയികൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മേയ് നാലിന് മറ്റു രണ്ട് യുവതികളും കൊല്ലപ്പെട്ടു
ഇംഫാൽ: സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമമുണ്ടായ മേയ് നാലിന് മറ്റു രണ്ട് യുവതികളെയും ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കാർ കഴുകൽ സ്ഥാപനത്തിൽ ജോലിചെയ്യുന്ന 21, 24 വയസ്സുള്ള യുവതികളാണ് ഒന്നര മണിക്കൂറോളം നീണ്ട പീഡനത്തിനുശേഷം കൊല്ലപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കോനുങ് മമാങ് പ്രദേശത്താണ് സംഭവം.
സ്ത്രീകളടക്കമുള്ള സംഘം കാർ കഴുകൽ സ്ഥാപനം ആക്രമിച്ചാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. ജനക്കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ തന്നെയാണ് മറ്റുള്ളവർക്ക് ഇതിനായുള്ള നിർദേശം നൽകിയതെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. ഇരുവരെയും വലിച്ചിഴച്ചു കൊണ്ടുപോയി മുറിയിലടച്ച് വിളക്കണച്ചു. വായിൽ തുണി കുത്തിക്കയറ്റി ഒന്നര മണിക്കൂറോളം പീഡിപ്പിച്ചു. പിന്നീട് വലിച്ചിഴച്ച് തൊട്ടടുത്തുള്ള മരമില്ലിനടുത്ത് ഉപേക്ഷിച്ചു. രക്തത്തിൽ കുളിച്ചും വസ്ത്രങ്ങൾ കീറിയ നിലയിലുമാണ് മൃതദേഹങ്ങൾ കണ്ടതെന്നും ദൃക്സാക്ഷി പറഞ്ഞു.
ഭയം കാരണം ആരും സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല. മേയ് 16ന് യുവതികളിലൊരാളുടെ മാതാവ് തന്നെയാണ് സൈകുൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനുശേഷം സംഭവം നടന്നയിടത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.